കാപ്പ് പറമ്പിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsകാപ്പ് പറമ്പ് ജനവാസ മേഖലയിൽ ആനകൾ നശിപ്പിച്ച തെങ്ങുകൾ
അലനല്ലൂർ: തിരുവിഴാംകുന്ന് കന്നുകാലി ഫാമിലെ കാട്ടിൽനിന്ന് വനപാലകരും ഫാം ജീവനക്കാരും സൈലൻറ് വാലി ബഫർ സോൺ മേഖലയിലേക്ക് വിരട്ടി ഓടിച്ച കാട്ടാനക്കൂട്ടം കാപ്പ് പറമ്പിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. ഫാമിൽ തമ്പടിച്ച മൂന്ന് ആനകളെയാണ് ശനിയാഴ്ച രാത്രി ഒമ്പതോടെ വിരട്ടി ഓടിക്കാൻ ശ്രമിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ആനകളെ തുരത്താനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്ന സംഘം.
ഫാമിലെ കാട്ടിൽനിന്ന് ഇറങ്ങിയ ആനകൾ കാപ്പ് പറമ്പിലെ നായർകുണ്ടിലാണ് റബർ, തെങ്ങ്, വാഴ, കമുക് എന്നിവ നശിപ്പിച്ചത്. തോണിക്കര അബൂബക്കർ, തോണിക്കര ഉമ്മർ, തോണിക്കര ഹംസ, ചേരിയത്ത് അബ്‌ദുറഹ്‌മാൻ എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. കൃഷി നശിപ്പിച്ച ആനകൾ വീണ്ടും കന്നുകാലി ഫാമിലെ കാട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ആനകളെ ശനിയാഴ്ച രാത്രി എട്ടോടെ വിരട്ടി ഓടിക്കുന്ന വിവരം തിരുവിഴാംകുന്നിലെ ഫോറസ്‌റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഫാമിന്റെ അടുത്ത് താമസിക്കുന്ന കാപ്പ് പറമ്പ്, ഇരട്ടവാരി, വലിയ പാറ, കാളംപുള്ളി, കരടിയോട്, മേലെക്കളം, അമ്പലപ്പാറ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, മേഖലയിൽ അനാവശ്യയാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരിരുന്നു. മനുഷ്യജീവൻ അപകടത്തിൽപ്പെടാതിരിക്കാനാണ് രാത്രി സമയത്ത് വിരട്ടി ഓടിക്കാനുള്ള ശ്രമം നടത്തിയതെന്ന് വനപാലകർ പറഞ്ഞു.
പകൽ വിരട്ടി ഓടിച്ചാൽ സൈലൻറ് വാലി പ്രദേശത്തേക്ക് ആനകളെ തുരത്താൻ കഴിയുമെന്ന് കോട്ടോപ്പാടം പഞ്ചായത്തംഗം സാനിർ മണലടി പറഞ്ഞു. മുൻ വർഷങ്ങളിൽ നിരവധി തവണ ആനകൾ കയറിയതിനാൽ ലക്ഷങ്ങൾ ചെലവഴിച്ച് കാലി ഫാമിൽ സൗരോർജ വേലി സ്ഥാപിച്ചിരുന്നു. സൗരോർജ വേലിയിൽ റബർ മരം വീഴ്ത്തിയാണ് ആനകൾ വീണ്ടും ഫാമിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

