പാലക്കാട് മഴ ശക്തം; മംഗലം, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നു
text_fieldsപാലക്കാട്: ജില്ലയിൽ കാലവർഷം ശക്തമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54.49 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. മഴയെ തുടർന്ന് ജില്ലയിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു. ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതിനാൽ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നു. 77.71 മീറ്ററാണ് മംഗലം ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണശേഷി.
വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെ.മീ വരെ ഉയർത്തുമെന്നും അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഡാമിന്‍റെ താഴ്‌ന്ന ഭാഗത്തും പുഴയുടെ കരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ നിർദേശിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 95.37 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. മഴ ശക്തിപ്പെട്ടാൽ ആവശ്യാനുസരണം ഷട്ടറുകൾ കൂടുതൽ ഉയർത്തും.
അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെയും പുഴയുടെ ഇരു കരകളിലെയും താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. കനത്ത മഴയിൽ പാലക്കാട് നഗരത്തിലെ പുതുപ്പള്ളിത്തെരുവ് പത്തുകുടിയിൽ ഷാഹുൽ ഹമീദിന്‍റെ വീട് പൂർണമായി തകർന്നുവീണു. ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീടിനകത്തുണ്ടായിരുന്ന രോഗിയായ കുട്ടിയടക്കം അഞ്ചുപേർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇവരെ സമീപത്തുള്ള ബന്ധുവീടുകളിലേക്ക് മാറ്റി.
വില്ലേജ്, നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു. നഗരസഭ ചെയർമാൻ, എ.ഡി.എം, മറ്റു റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ മുൻ കൗൺസിലറും വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്‍റുമായ എം. സുലൈമാൻ ആവശ്യപ്പെട്ടു. കാലവർഷം ആരംഭിച്ചതിന് ശേഷം ജില്ലയിൽ ശക്തമായ മഴയിൽ 10 വീടുകൾ ഭാഗികമായി തകർന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ശനിയാഴ്ച യാക്കര വില്ലേജ് പരിധിയിൽ ഒരു വീട് പൂർണമായി തകർന്നു. ലക്കിടിയിൽ പുതുക്കുറി സരസ്വതി അമ്മയുടെ വീടിന്‍റെ ഒരു ഭാഗം തകർന്നുവീണു. ഇവരുടെ കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റിപാർപ്പിച്ചു. നിലവിൽ ജില്ലയിൽ ഭാഗികമായി വീട് തകർന്ന 13 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ ശക്തമായതോടെ തൃത്താല വെള്ളിയാങ്കല്ലിന്‍റെ 20 ഷട്ടറുകളും തുറന്നു. കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതി തടസ്സങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പാലക്കാട് കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വൈദ്യുതകമ്പികള്‍ പൊട്ടിവീണത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കണമെന്നും വിവരങ്ങള്‍ കൺട്രോൾ റൂം നമ്പറുകളിലോ അതത് സെക്ഷന്‍ ഓഫിസുകളിലോ അറിയിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

