കോരിച്ചൊരിഞ്ഞ് മഴ; പാലക്കാട് ഡാമുകൾ തുറന്നു
text_fieldsമലമ്പുഴ ഡാമിെൻറ ഷട്ടറുകൾ തുറന്നപ്പോൾ
പാലക്കാട്: ജില്ലയിൽ കോരിച്ചൊരിഞ്ഞ് മഴ. വെള്ളത്തിൽ മുങ്ങി താഴ്ന്ന പ്രദേശങ്ങൾ. ശനിയാഴ്ച ഉച്ചക്ക് തുടങ്ങി രണ്ട് മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ പലയിടത്തും വെള്ളം ഇരച്ചെത്തി. പാലക്കാട് നഗരത്തിലടക്കം വീടുകളിൽ വെള്ളം കയറി. നെൽകൃഷി വെള്ളത്തിനടിയിലായി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മലമ്പുഴ ഡാം തുറന്നുവിട്ടു.
മലമ്പുഴ ഡാമിെൻറ മുഴുവൻ ഷട്ടറുകളും 18 സെ.മീ. വീതമാണ് ഉയർത്തിയത്. ഡാം തുറന്നുവിട്ടതോടെ കൽപ്പാത്തിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. തമിഴ്നാട്ടിലും പേമാരി ശക്തിപ്പെട്ടതോടെ ആളിയാർ ഡാമിെൻറ മുഴുവൻ ഷട്ടറുകളും ഉച്ചയോടെ തുറന്നുവിട്ടു. നേരേത്ത തുറന്ന അഞ്ച് ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ അഞ്ച് സെൻറിമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകള്‍ 15 സെൻറിമീറ്റര്‍ വീതവും മംഗലം ഡാമിലെ ഷട്ടറുകൾ 32 സെൻറി മീറ്റര്‍ വീതവും ചുള്ളിയാർ ഡാമിലെ ഒരു ഷട്ടർ അഞ്ച് സെൻറി മീറ്ററും ശിരുവാണി ഡാമിലെ റിവര്‍ സ്ലൂയിസ് ഷട്ടര്‍ 10 സെൻറി മീറ്റര്‍ വീതവും തുറന്നു. പാലക്കാട് നഗരത്തിൽ കുന്നത്തൂർമേട്, ശിവജി നഗർ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. പാലക്കാട് റോബിൻസൺ റോഡ് അടക്കം വെള്ളത്തിൽ മുങ്ങി. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലൻറ്വാലി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെക്കാൻ പാലക്കാട് ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ലയിലെ എല്ലാ ഡാമുകളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിെവക്കാനും തീരുമാനിച്ചതായി ജില്ല കലക്ടർ അറിയിച്ചു.
അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്
1. മലമ്പുഴ ഡാം 114.25 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06)
2. മംഗലം ഡാം 77.31 മീറ്റര്‍ (പരമാവധി ജലനിരപ്പ് 77.88)
3. പോത്തുണ്ടി 107.13 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204)
4. മീങ്കര 156 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36)
5. ചുള്ളിയാര്‍ 153.73 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08)
6. വാളയാര്‍ 200.92 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203)
7. ശിരുവാണി 876.43 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5)
8. കാഞ്ഞിരപ്പുഴ 95.22 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50)
താലൂക്ക് കൺട്രോൾ റൂം തുറന്നു
പാലക്കാട്: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്കുതല കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
താലൂക്ക്, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ:
പാലക്കാട് -0491 2505770
ചിറ്റൂർ -0492 3224740
ആലത്തൂർ -0492 2222324
പട്ടാമ്പി -0466 2214300
ഒറ്റപ്പാലം -0466 2244322
മണ്ണാർക്കാട് -0492 4222397
അട്ടപ്പാടി -9846243440, 6282905701.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

