ചൂട് കൂടുന്നു; തീപിടിത്തം വ്യാപകം
text_fieldsപാലക്കാട്: വേനലെത്തും മുമ്പേ ജില്ലയിൽ ചൂട് കനക്കുന്നു, ഒപ്പം തീപിടിത്തങ്ങളും വ്യാപകം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജനുവരി 21 വരെ മാത്രം 79 ഫയർ കോളുകളാണ് ജില്ലയിലാകെ അഗ്നിരക്ഷാസേന നിലയങ്ങളിലേക്ക് എത്തിയത്.
കഴിഞ്ഞദിവസം കഞ്ചിക്കോട് ബെമ്ൽ കോമ്പൗണ്ടിലെ 50 ഏക്കറോളം വരുന്ന സ്ഥലത്ത് പുല്ലിനും പാഴ്ചെടികൾക്കും തീപിടിച്ചു. കഞ്ചിക്കോട്, പാലക്കാട് എന്നീ നിലയങ്ങളിലെ ഓരോ യൂനിറ്റ് വാഹനങ്ങൾ എത്തി ആറു മണിക്കൂർ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പകൽ ചൂട് കനക്കുന്നതിനാൽ തീപിടിത്തങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞവർഷം 1599 ഫയർ കോളുകളാണ് ജില്ലയിലെ 10 ഫയർ സ്റ്റേഷനുകളിലായി എത്തിയത്. ഇതിൽ കഞ്ചിക്കോട് ഫയർ സ്റ്റേഷനു കീഴിലാണ് ഏറ്റവും കൂടുതൽ ഫയർ കോൾ എത്തിയത്-352 എണ്ണം. പാലക്കാട് യൂനിറ്റിൽ 289, ചിറ്റൂർ-108, ആലത്തൂർ-137, വടക്കഞ്ചേരി-100, മണ്ണാർക്കാട്-127, കൊല്ലങ്കോട്-86, കോങ്ങാട്-119, പട്ടാമ്പി-117, ഷൊർണൂർ-164 എന്നിങ്ങനെയും ഫയർ കോളുകൾ വന്നു.
കൊല്ലങ്കോട് ഫയർ സ്റ്റേഷനുകീഴിലാണ് കുറവ് ഫയർ കോളുകൾ വന്നിട്ടുള്ളത്. ജനുവരി അവസാനത്തോടെ ജില്ലയിൽ ചൂട് കൂടുകയും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കഠിനമാകുകയും ചെയ്യും. ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ ഫയർ കോളുകൾ വരാറുള്ളതെന്ന് അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു.
ചൂട് കനക്കുന്ന സമയാണ് ഫെബ്രുവരി മാസം. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽനിന്നും മറ്റും ഉണ്ടാകുന്ന തീപ്പൊരി പെട്ടെന്ന് പടർന്നാണ് വലിയ തീപിടിത്തങ്ങളുണ്ടാകുന്നത്. കൂടാതെ പലപ്പോഴും ഷോർട്ട് സർക്യൂട്ടുകളും തീപിടിത്തങ്ങൾക്ക് കാരണമാകുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഫയർ കോളുകളുടെ എണ്ണം കുറയും.
റബർ തോട്ടങ്ങൾ, കാടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലാണ് മിക്കപ്പോഴും തീപിടിത്തം ഉണ്ടാകാറുള്ളത്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ സമയങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വേനൽക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വലിയ കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കുക, ഓഫിസ് പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദേശങ്ങളും അധികൃതർ നൽകുന്നു.
ആകെ കോളുകൾ 3107, രക്ഷിച്ചത് 609 പേരെ
ജില്ലയിൽ കഴിഞ്ഞവർഷം വെള്ളത്തിൽപെട്ടുണ്ടായ അപകടങ്ങളുമായി ബന്ധപ്പെട്ട് 107 ഫോൺ വിളികളും വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് 1401 സംഭവങ്ങളുമാണ് ഫയർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തത്. 609 പേരെ അപകടങ്ങളിൽനിന്നും രക്ഷിക്കാൻ സേനക്കായി. 103 പേരുടെ ജീവൻ നഷ്ടപ്പെട്ടു.
പട്ടാമ്പി ഫയർ സ്റ്റേഷനുകീഴിലാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വെള്ളത്തിൽ വീണുള്ള അപകടങ്ങളുണ്ടായത്-22 എണ്ണം. മണ്ണാർക്കാട്-18, ഷൊർണൂർ-15 എന്നിങ്ങനെയും കോളുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കുറവ് കോളുകൾ വന്നത് കോങ്ങാട് ഫയർ സ്റ്റേഷനിലാണ്-മൂന്നെണ്ണം. വാഹനാപകടങ്ങൾ പോലുള്ള ഇൻസിഡന്‍റ് കോളുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത് പാലക്കാട് ഫയർ സ്റ്റേഷനിലാണ്-293. ഏറ്റവും കുറവ് കോങ്ങാട് ആണ്-83 എണ്ണം. വിവിധ അപകടങ്ങളിൽ പെട്ട് 352 മൃഗങ്ങൾ ചത്തപ്പോൾ 14 എണ്ണത്തിനെ രക്ഷിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

