കൊയ്ത്ത് യന്ത്രങ്ങൾ കട്ടപ്പുറത്ത്; ആശ്രയം തമിഴ്നാട് യന്ത്രങ്ങൾ
text_fieldsകട്ടപ്പുറത്തായ മുതലമടയിലും കൊടുവായൂരിലുമുള്ള കൊയ്ത്ത് യന്ത്രങ്ങൾ
കൊടുവായൂർ: കൊയ്ത്ത് യന്ത്രങ്ങൾ കട്ടപ്പുറത്തായതോടെ മിക്ക പാടശേഖരങ്ങളിലും ആശ്രയം തമിഴ്നാട് യന്ത്രങ്ങൾ. കൊടുവായൂർ, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ കൊയ്ത്ത് യന്ത്രങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. 20 ലക്ഷത്തിലധികം രൂപ വകയിരുത്തി വാങ്ങിയ യന്ത്രങ്ങളാണ് പഞ്ചായത്തുകളിൽ എട്ടു വർഷമായി കട്ടപ്പുറത്തുള്ളത്.
കൊടുവായൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിൽ കൊയ്ത്ത് യന്ത്രങ്ങൾ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ തുരുമ്പെടുക്കുകയാണ്. മുതലമട പഞ്ചായത്തിൽ പ്രത്യേകം സജ്ജീകരിച്ച ഷെഡിലാണ് കൊയ്ത്ത് യന്ത്രം തുരുമ്പെടുക്കുന്നത്.
ചെറുകിട കർഷകർക്ക് ചുരുങ്ങിയ വിലയിൽ കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ പരിപാലന കമ്മിറ്റികൾ നിലച്ചതും പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ മേൽനോട്ടം ഇല്ലാത്തതുമാണ് യന്ത്രങ്ങൾ കട്ടപ്പുറത്താകാൻ കാരണമെന്ന് ചെറുകിട കർഷകർ പറയുന്നു.
ചെറിയ അറ്റകുറ്റപ്പണികൾ യഥാസമയത്ത് നടത്താത്തതും യന്ത്രങ്ങൾ കൊണ്ടുപോകാൻ വാഹനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി വർധിപ്പിച്ചു. കൃഷി ഓഫിസർ, പഞ്ചായത്ത് സെക്രട്ടി എന്നിവർ ഉൾപ്പെടുന്ന പ്രവർത്തന കമ്മിറ്റി രൂപവത്കരിച്ച് ഇവ പ്രവർത്തന സജ്ജമാക്കാൻ നടപടി വേണമെന്ന് പാടശേഖര സമിതികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

