ഡ്രൈവറും സഹായിയും കോവിഡ് നെഗറ്റിവ് തെളിയിക്കണം; കൊയ്ത്ത് യന്ത്രം പൊലീസ് തടഞ്ഞു
text_fieldsഗോവിന്ദാപുരം: ഡ്രൈവറുടെ കോവിഡ് പരിശോധന നെഗറ്റിവായ ശേഷം വന്നാൽ മതിയെന്ന് പറഞ്ഞ് വടവന്നൂരിൽ പൊലീസ് കൊയ്ത്ത് യന്ത്രം തടഞ്ഞു. സേലം ആത്തൂരിൽ നിന്നെത്തിയ യന്ത്രം വ്യാഴാഴ്ച രാവിലെയാണ് തടഞ്ഞുവെച്ചത്.
ഒന്നര മണിക്കൂറിനു ശേഷം യന്ത്ര ഏജൻറ് ജാഫർ ചെക്ക്പോസ്റ്റിലെത്തി കോവിഡ് പരിശോധന നടത്തി ഫലം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാമെന്നറിയിച്ചതോടെ യന്ത്രം കടത്തിവിട്ടു. ഒപ്പമെത്തിയ രണ്ടുപേർക്ക് പാലക്കാട് മെഡിക്കൽ കോളജാശുപത്രിയിൽ ആൻറിജൻ പരിശോധന നടത്തിയതായും ഫലം നെഗറ്റിവാണെന്നും ഏജൻറ് പറഞ്ഞു.
എന്നാൽ മെഡിക്കൽ കോളജാശുപത്രിയിൽ നിന്ന് ഔദ്യോഗികമായി ഫലമറിയിച്ച ശേഷമേ കൊയ്ത്ത് യന്ത്രത്തെ വടവന്നൂരിൽ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

