പാലക്കാട്: ഹർത്താൽ ദിവസം കെ.എസ്.ആർ.ടി.സി ബസിെൻറ ചില്ലുകൾ എറിഞ്ഞു നശിപ്പിച്ചതിനും സർവിസ് മുടക്കിയതിനും രണ്ടുപേർക്ക് തടവും പിഴയും. സി.പി.എം പ്രവർത്തകരായ ചിറ്റൂർ ആര്യപ്പള്ളം രമേശ് (40), സ്വാമിനാഥൻ (45) എന്നിവർക്കാണ് ഒമ്പതു മാസം വീതം തടവും 10,000 രൂപ വീതം പിഴയും ചിറ്റൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ. പ്രിയ വിധിച്ചത്. 2011 സെപ്റ്റംബർ 14ന് ഇന്ധന വിലവർധനക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഹർത്താലിൽ പൊലീസ് ജീപ്പിെൻറ അകമ്പടിയോടെ ചിറ്റൂരിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോയ ബസാണ് പ്രതികൾ ചിറ്റൂർ ഫാത്തിമ ജങ്ഷനിൽ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയത്.
സർവിസ് മുടങ്ങിയതിലും ഗ്ലാസ് പൊട്ടിയതിലൂടെയും സർക്കാറിന് 15,000 രൂപ നഷ്ടം വന്നു. വിചാരണക്കിടെ കേസ് പിൻവലിക്കാൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ (എ.പി.പി) അപേക്ഷ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.
പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, കേസ് നടത്താൻ മറ്റൊരു എ.പി.പിയെ ചുമതലപ്പെടുത്താൻ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് പ്രോസിക്യൂഷന് (ഡി.ഡി.പി) നിർദേശം നൽകി. ഡി.ഡി.പിയുടെ നിർദേശപ്രകാരം പാലക്കാട് കോടതിയിലെ സീനിയർ ഗ്രേഡ് എ.പി.പി പി. പ്രേംനാഥ് ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. ചിറ്റൂർ പൊലീസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്.