സംഘകൃഷി പദ്ധതി; 300 ഏക്കർ നെൽകൃഷിക്ക് ഞാറ്റടി തയാറാവുന്നു
text_fieldsസംഘകൃഷി പദ്ധതിയിൽ 300 ഏക്കർ നെൽകൃഷിക്കായി എലപ്പുള്ളിയിൽ തയാറാക്കിയ ഞാറ്റടി
പാലക്കാട്: എലപ്പുള്ളിയിലെ രാമശ്ശേരി ഗാന്ധി ആശ്രമവും പാലക്കാടൻ കർഷക മുന്നേറ്റവും ചേർന്ന് നടപ്പാക്കുന്ന സംഘകൃഷി പദ്ധതിയിൽ (ഗ്രൂപ് ഫാമിങ്) 300 ഏക്കർ നെൽകൃഷിക്കുള്ള ഞാറ്റടി തയാറാവുന്നു. പ്രാദേശികമായി കൃഷി ചെയ്തെടുത്ത ഗുണ നിലവാരമുള്ള വിത്ത് പാകിയാണ് ഞാറ്റടി തയാറാക്കിയിട്ടുള്ളത്. ഇതിൽ 200 ഏക്കറിൽ കൃഷി ചെയ്യാനായി കർഷകർ ബുക്കിങ് ചെയ്തു കഴിഞ്ഞു. ബാക്കി 100 ഏക്കറിലേക്കുള്ള ബുക്കിങ് തുടരുകയാണ്.
ഞാറ്റടി ഒരുമിച്ച് തയാറാക്കിയതു പോലെ നടീൽ ചെയ്യുന്നതിനുള്ള തൊഴിലാളികളെ പദ്ധതിയുടെ ലേബർ ബാങ്കിൽ നിന്ന് ഒരുമിച്ചു നൽകും. കരാറടിസ്ഥാനത്തിലാണ് തൊഴിലാളികൾ നടീൽ ചെയ്യുക. തുടർന്ന് നടക്കുന്ന കളവലി, വളപ്രയോഗം, പുല്ലുവെട്ടൽ, സ്പ്രേയർ ഉപയോഗം, കൊയ്ത്ത്, നെല്ലുണക്കൽ തുടങ്ങിയ പണികൾക്കെല്ലാം തൊഴിലാളികളെ ലേബർ ബാങ്കിൽ നിന്ന് ഒരുമിച്ചു നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.
കൊയ്ത്ത് യന്ത്രം, ട്രാക്ടർ, റൊട്ട വേറ്റർ, ലേസർ ലെവലിങ് യന്ത്രം തുടങ്ങി സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. നിലവിൽ ഞാറ്റടി തയാറാക്കിയ കർഷകർക്ക് ലേബർ ബാങ്കിൽ നിന്ന് ആവശ്യമുള്ള തൊഴിലാളികളെ എത്തിച്ച് നടീൽ ചെയ്തു കൊടുക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഏറ്റവും ചെലവു കുറഞ്ഞ രീതിയിലും ശാസ്ത്രീയമായും യന്ത്രോപകരണങ്ങൾ പ്രയോജനപ്പെടുത്തിയും കൃഷി ചെയ്യുന്നതിന് കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘകൃഷി പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. 10 വർഷമായി സംഘകൃഷിക്ക് നേതൃത്വം നൽകുന്ന വിദഗ്ധരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെയും പാലക്കാടൻ കർഷക മുന്നേറ്റത്തിന്റെയും ഭാരവാഹികൾ പറഞ്ഞു. ബാക്കി 100 ഏക്കറിലേക്കുള്ള ബുക്കിങ് ചെയ്യാൻ താൽപര്യമുള്ള കർഷകർ 9447483106 ൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

