സാന്ത്വനമായി കൃപ പാലിയേറ്റിവ്
text_fieldsആലത്തൂർ വാനൂരിലെ കൃപ പാലിയേറ്റിവ് ക്ലിനിക്
ആലത്തൂർ: രോഗാവസ്ഥയിൽ തളർന്ന മനുഷ്യർക്ക് താങ്ങും തണലുമായി ഒന്നര പതിറ്റാണ്ട് പൂർത്തീകരിച്ച ആലത്തൂർ കൃപ പാലിയേറ്റിവ് സൊസൈറ്റിയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. സാന്ത്വന വിഭാഗം സേവനം നടത്തുന്നത് കൃപ പാലിയേറ്റിവ് ക്ലിനിക്കാണ്. ഇവർക്ക് ഇതിനായി സ്വന്തം കെട്ടിടം ആലത്തൂർ വാനൂരിലുണ്ട്. ആലത്തൂർ താലൂക്ക് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നിർധന കുടുംബങ്ങളെ ചേർത്തുപിടിക്കുന്ന സ്ഥാപനം അശരണരുടെ അത്താണിയാണ്.
അർബുദം, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം, വൃക്ക തകരാർ എന്നിങ്ങനെ രോഗങ്ങളാൽ ദീർഘകാല പരിചരണം ആവശ്യമുള്ള 180 പേരാണ് നിലവിൽ കൃപ ക്ലിനിക്കിന്റെ പരിചരണത്തിലുള്ളത്. ആഴ്ചയിലൊരിക്കൽ പ്രവർത്തിക്കുന്ന ഒ.പിയിൽ എത്തുന്ന മുഴുവൻ രോഗികൾക്കും ഡോക്ടറുടെ പരിശോധനയും മരുന്നും സൗജന്യമാണ്. രോഗികളുടെ വീടുകളിൽ ചെന്ന് പരിചരിക്കാൻ ആവശ്യമായ വാഹനങ്ങളും നഴ്സുമാരും വളന്റിയർമാരും ഉൾപ്പെടുന്ന സേവന വിഭാഗവും ഉണ്ട്.
ആലത്തൂർ ഇശാഅത്തുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി ടൗണിൽ സൗജന്യമായി അനുവദിച്ച രണ്ട് മുറികളിലാണ് തുടക്കത്തിൽ സ്ഥാപനം പ്രവർത്തിച്ചത്. പിന്നീട് ആലത്തൂരിലെ ഷെയ്ഖ് മുഹമ്മദിന്റെ മക്കൾ മാതാവ് നൂർജഹാന്റെ പേരിൽ വാനൂർ ഭാഗത്ത് 22 സെന്റ് സ്ഥലം കൃപക്ക് നൽകി. പല വിധത്തിൽ സഹായങ്ങൾ സ്വരൂപിച്ചാണ് വാനൂരിൽ കെട്ടിടം നിർമിച്ച് പ്രവർത്തനം അവിടേക്ക് മാറ്റിയത്. ഇപ്പോൾ രണ്ട് വാഹനങ്ങളുമുണ്ട്.
സൊസൈറ്റി രജിസ്ട്രേഷൻ നിയമ പ്രകാരം പ്രവർത്തിക്കുന്ന കൃപ ചാരിറ്റബിൾ സൊസൈറ്റിക്ക് പാലിയേറ്റിവ് ക്ലിനിക്കും ഫിസിയോ തെറപ്പി യൂനിറ്റുമുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസം ഫിസിയോ ഒ.പിയും ഒരു ദിവസം ഫിസിയോ ഹോം കെയറും നടത്തുന്നുണ്ട്.
ഇവിടത്തെ രോഗികൾക്കും കുടുംബങ്ങൾക്കും സൗജന്യമായി മരുന്ന്, പഠനോപകരണം, പലവ്യഞ്ജന കിറ്റ്, അരി, പെൻഷൻ എന്നിവയും നൽകുന്നു. പാലിയേറ്റിവ് ദിനത്തിൽ ആലത്തൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് വിളംബര ജാഥയും നടത്തി.
അബ്ദുറഹ്മാൻ ഹൈദർ (പ്രസി.), കെ.എം. അസനാർ കുട്ടി (ജന. സെക്ര.), കെ. ഫൗലാദ് (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സാമ്പത്തിക പ്രശ്നം കാര്യമായി അലട്ടുന്നതിനാൽ ഉദാരമനസ്കരിൽനിന്ന് സാമ്പത്തിക സഹായവും തേടുന്നുണ്ട്.
വിലാസം: കൃപ ചാരിറ്റബിൾ സൊസൈറ്റി, അക്കൗണ്ട് നമ്പർ: 37095577733, ഐ.എഫ്.എസ് കോഡ്: SBIN0017033. എസ്.ബി.ഐ ആലത്തൂർ മെയിൻ റോഡ് ബ്രാഞ്ച്. ഫോൺ: 9747718380.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

