മാലിന്യമുക്ത തൃത്താല: രണ്ടാംഘട്ടത്തിൽ 97 ടൺ മാലിന്യം നീക്കി
text_fieldsതൃത്താല മേഖലയില്‍ ഹരിതകര്‍മസേന മാലിന്യം
ശേഖരിക്കുന്നു
കൂറ്റനാട്: സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ‘മാലിന്യമുക്ത തൃത്താല’രണ്ടാംഘട്ടം പൂർത്തിയായി. ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നിന്നായി ഹരിതകർമസേന ശേഖരിച്ച 97 ടൺ മാലിന്യം ക്ലീൻകേരള കമ്പനി നീക്കി.
രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകർമസേന സെപ്തംബറിൽ മൂന്ന് ആഴ്ചകളിലായാണ് മാലിന്യം ശേഖരിച്ചത്. ആദ്യപാദം 34 ടൺ ചെരിപ്പ്, ബാഗ്, ലെതർ, തെർമോകോൾ തുടങ്ങിയ നിഷ്ക്രിയ മാലിന്യവും രണ്ടാംപാദത്തിൽ 33 ടൺ തുണി മാലിന്യം മൂന്നാംപാദത്തിൽ 30 ടൺ ചില്ല് എന്നിവയാണ് ശേഖരിച്ചത്. ക്യാമ്പയിന്റെ ഭാഗമായി തൃത്താല, നാഗലശേരി, ചാലിശേരി, തിരുമിറ്റക്കോട്, ആനക്കര, കപ്പൂർ, പട്ടിത്തറ, പരുതൂർ എന്നീ പഞ്ചായത്തുകളിലെ എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേനാംഗങ്ങൾ ഓരോ ആഴ്ചയും ഇവ ശേഖരിച്ചു. സേനാംഗങ്ങൾ മാലിന്യങ്ങൾ ശേഖരിച്ചുവച്ച കേന്ദ്രങ്ങളിൽനിന്നാണ് ക്ലീൻകേരള കമ്പനിക്ക് മാലിന്യങ്ങൾ കൈമാറിയതെന്ന് ജില്ല മാനേജർ ആദർശ് ആർ നായർ പറഞ്ഞു.
നവകേരള മിഷൻ ജില്ല കോഓർഡിനേറ്റർ പി. സെയ്തലവി, ശുചിത്വ മിഷൻ ജില്ല കോഓർഡിനേറ്റർ ടി.ജി. അഭിജിത് എന്നിവർ രണ്ടാംഘട്ട പ്രവർത്തനം വിലയിരുത്തി. ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികൾ, പഞ്ചായത്ത് ജനപ്രതിനിധികൾ, ക്ലീൻകേരള പ്രതിനിധികളായ ശ്രീജിത് ബാബു, പി.വി. സഹദേവൻ, എസ്. സുസ്മിത എന്നിവർ ഏകോപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

