വേനലിനൊപ്പം നോമ്പുകാലവും; പഴവിപണിയിൽ ചൂടേറുന്നു
text_fieldsപാലക്കാട്: വേനൽ ചൂടിനൊപ്പം നോമ്പുകാലം കൂടി എത്തുന്നതോടെ പഴ വിപണിയിലും വിലവർധനയുടെ ചൂട്. മിക്ക പഴവർഗങ്ങൾക്കും കഴിഞ്ഞ മാസത്തേക്കാളും വില വർധിച്ചു. സാധാരണ വേനൽക്കാലത്ത് വില കൂടുമെങ്കിലും ഇത്തവണ നോമ്പുകാലം വരുന്നതോടെ പഴവർഗങ്ങൾക്ക് ഇനിയും വില ഉയരാൻ സാധ്യതയുണ്ട്. നോമ്പുതുറക്ക് ഫലവർഗങ്ങളും അവിഭാജ്യഘടകമാണ്.
വിപണിയിൽ കൂടുതലുള്ള ഷിംല ആപ്പിളിന് 180-200 രൂപയും ന്യൂസിലാൻഡ് ആപ്പിളിന് 280 രൂപയും പോളണ്ട് ആപ്പിളിന് 350 രൂപയുമാണ് വില. സാധാരണ ഓറഞ്ചിന് 90-100 രൂപയും വലൻസിയ ഓറഞ്ചിന് 150 രൂപയും മാൻഡ്രിയൻ ഓറഞ്ചിന് 240 രൂപവരെയുമുണ്ടെങ്കിലും മൂസമ്പിക്ക് 100 രൂപയാണ് വില. കറുത്ത മുന്തിരിക്ക് 120, ഗ്ലോബ് മുന്തിരിക്ക് 180-200, വെളുത്ത കുരുവില്ലാത്ത മുന്തിരിക്ക് 140 രൂപ എന്നിങ്ങനെയും വിലയുണ്ട്. കഴിഞ്ഞ ആഴ്ച വരെ 45-50 രൂപയുണ്ടായിരുന്ന പൈനാപ്പിളിന് ഇപ്പോൾ കിലോക്ക് 70 രൂപയാണ്. സപ്പോട്ടക്ക് 150, പേരക്കക്ക് 140 രൂപയുമുണ്ട്. അനാറിന് 180 മുതൽ 240 രൂപ വരെയാണ് വില. അവക്കാഡോ 180 -200, റംബുട്ടാൻ- 250 രൂപയുണ്ട്.
തണ്ണിമത്തന് നിലവിൽ കിലോക്ക് 22-25 രൂപയാണെങ്കിലും വരും നാളുകളിൽ കൂടാൻ സാധ്യതയുണ്ട്. അടുത്തമാസം നോമ്പുകാലം ആരംഭിക്കാനിരിക്കെ പഴവർഗങ്ങൾക്ക് ഇനിയും വില ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. പഴവിപണിയിൽ അയൽസംസ്ഥാനങ്ങളിൽനിന്ന് അയൽ രാജ്യങ്ങളിൽനിന്നുമാണ് കൂടുതൽ ഫലങ്ങൾ എത്തുന്നത്. പഴവർഗങ്ങൾക്ക് വില വർധിക്കുന്നതോടെ ബേക്കറികളിലും കൂൾബാറുകളിലുമെല്ലാം ജ്യൂസുകൾക്കും വില കൂടും. അതിനാൽ തന്നെ വേനൽക്കാലം ശീതളപാനീയ വ്യാപാരികൾക്ക് നല്ലകാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

