അത്ഭുത ജ്യൂസ് മുതൽ വിപണിയിലെ മാജിക് വരെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ!
text_fieldsപാലക്കാട്: ‘ഫിനാൻഷ്യൽ ഫ്രീഡം’ എന്ന് കേട്ട് ഒന്നിരുന്നുപോയതാണ് രവി. ചർച്ചകൾ ഫീസുനൽകി ക്ലാസുകളിലേക്ക് മാറി, പിന്നെ ഫോറെക്സ് മുതൽ ക്രിപ്റ്റോ കറൻസി വരെ നീണ്ടു. ഒടുക്കം മൂന്നുലക്ഷത്തോളം നഷ്ടമായപ്പോൾ സംഗതി അത്ര വെടിപ്പല്ലെന്ന് കണ്ട് രവി നിർത്തി.
ഷമീറിന്റെ അനുഭവം വേറൊന്നായിരുന്നു. 1000 രൂപ നൽകി പ്രമുഖ സ്വകാര്യ കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതോടെ മാസാമാസം വരുമാനം. നാലുകൊല്ലത്തോളം തുടരുന്ന ആദായം. ഇതൊക്കെ കൂട്ടിക്കിഴിച്ച് നോക്കിയപ്പോൾ അന്തംവിട്ടാണ് ഷമീർ നിക്ഷേപകനായത്. സംഗതി തുടക്കത്തിൽ ഇങ്ങനൊക്കെയായിരുന്നു. കുറച്ച് പൈസ നഷ്ടം വന്നാലെന്താ, വലിയ പാഠം പഠിച്ചില്ലേ എന്ന് പറയും ഷമീർ.
അട്ടപ്പാടി സ്വദേശിനി ഷിൻസിയുടെ കഥ മറ്റൊന്ന്. ഡയറക്ട് മാർക്കറ്റിങ് എന്നപേരിൽ അഗളിയിൽ എത്തിയ സ്ഥാപനത്തിന്റെ വാട്സപ്പ് ഗ്രൂപ്പിൽ സുഹൃത്താണ് ചേർത്തത്. പ്രമുഖ രാഷ്ട്രീയ പ്രവർത്തക മുതൽ സ്കൂൾ അധ്യാപകർ വരെയുള്ള ഗ്രൂപ്പിൽ മോട്ടിവേഷൻ മുതൽ ഗ്രൂപ്പ് ഡിസ്കഷൻ വരെ ആവേശം പതഞ്ഞു. ഒടുവിൽ സമ്പാദ്യമായുണ്ടായിരുന്ന സ്വർണാഭരണങ്ങളിൽ ചിലത് പണയം വച്ചാണ് ഷിൻസി പണം മുടക്കിയത്. നിലവിൽ വീട്ടിലൊരു മുറിയുടെ മൂലക്ക് കൂട്ടിയിട്ടിരിക്കുന്ന ആരോഗ്യപാനീയങ്ങൾ മുതൽ സോപ്പും പൽപ്പൊടിയും വരെ ആർക്കും വേണ്ടാതെ കിടക്കുന്നു. കമ്പനിയാകട്ടെ പൂട്ടിപ്പോയി. നാണക്കേടുകൊണ്ട് പുറത്തുപറയാനാവാത്ത നഷ്ടം സഹിച്ച് ഷിൻസിയുടെ സുഹൃത്ത് അടക്കമുള്ളവരും നിശബ്ദരായി.
ക്ഷമ വേണം, ശൊര ശോരാന്ന് ഒഴുകി വരും!
‘അൽപം പുല്ലും വെള്ളവും ഇടയ്ക്കല്പ്പം പിണ്ണാക്കും ഉണ്ടെങ്കില്‍ പാലിങ്ങനെ ശൊര ശൊരാന്നു ഒഴുകി വരും’ നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡയലോഗ് ഇടക്കിടെ ഓർമയിൽ തികട്ടി വരും, ജില്ലയിലെ സാമ്പത്തിക തട്ടിപ്പിനിരയായവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ. സർവ അസുഖ നിവാരിയായ ജ്യൂസ് മുതൽ കാന്തം ഫിറ്റുചെയ്ത ബെഡും ദിനേന പതിനായിരം വരുമാനമുള്ള ജോലിയും ഓൺലൈനിൽ പരസ്യം കാണലും വരെ നീളുന്ന കഥകൾ. വിറ്റ് കോടിപതിയാവുന്നതും ചുരുങ്ങിയ നാളുകളിൽ നിക്ഷേപമിരട്ടിച്ച് ജീവിതം സ്വസ്ഥമാകുന്നതുമൊക്കെ സ്വപ്നം കണ്ടാണ് പലരും ഇതിൽ ചേരുക. ഇത്തരത്തിൽ കൈയിലുണ്ടായിരുന്ന സമ്പാദ്യത്തിൽ വലിയപങ്കും നഷ്ടപ്പെട്ടവർ ജില്ലയിൽ നിരവധിയാണ്. ഇങ്ങനൊക്കെ ആണെങ്കിലും പരാതികൾ നൽകാൻ ഭൂരിഭാഗം പേരും തയ്യാറാവില്ല, മാനഹാനി മുതൽ സ്റ്റേഷനിൽ കയറി ഇറങ്ങുന്ന മെനക്കേട് വരെ പലർക്കും മടുപ്പാണ്.
മണി തട്ടുന്ന മാഫിയ
ഒരിടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പുകാർ പിടിമുറുക്കുകയാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. നഗര, ഗ്രാമ ഭേദമന്യേ ഇവരുടെ കെണിയിൽ പെടുന്നവർ നിരവധിയാണ്. പലവിധ തട്ടിപ്പുകള്‍ക്കു വിധേയരായി കോടിക്കണക്കിനു രൂപയും സമ്പത്തും നഷ്ടപ്പെട്ട മലയാളികളെ കുരുക്കാന്‍ വീണ്ടും പുതിയ രൂപത്തിലും, ഭാവത്തിലുമാണ് വിരുതൻമാർ വിലസുന്നത്. മിക്ക തട്ടിപ്പുകളിലും മാസതവണകളായോ, സ്ഥിര നിക്ഷേപമായോ പണം അടച്ചാല്‍ ഏതാനും മാസത്തിലധികം ഇരട്ടിയിലധികം തിരികെ തരാമെന്നാണ് ഇരകളെ വിശ്വസിപ്പിക്കുക. പിരമിഡ് മാതൃകയിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് നിരോധനമുള്ളതുകൊണ്ടുതന്നെ അന്തർസംസ്ഥാന അയൽജില്ലകളായ കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിൽ ഓഫീസ് സ്ഥാപിച്ചാണ് ജില്ലയിൽ തട്ടിപ്പ് വ്യാപിക്കുന്നത്.
പത്തരമാറ്റ് ഒറിജിനൽ വ്യാജൻ
തട്ടിപ്പു സ്ഥാപനങ്ങളിൽ ഭൂരിഭാഗവും പൊതുമേഖല സ്ഥാപനങ്ങളുടെ പേരിന് സമാനമായ പേരാണ് സ്വീകരിക്കുക. ഒറിജിനലിനെ വെല്ലുന്ന വ്യാജനെന്ന് അനുഭവസ്ഥർ പറയും. ഒരു ലക്ഷം രുപ 150 ദിവസം കൊണ്ട് രണ്ട് ലക്ഷമാക്കി തിരികെ താരാമെന്നും, 50,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ആഴ്ചയിൽ ഉയർന്ന തോതിൽ പലിശ തരാമെന്ന വാഗ്ദാനത്തിലും പലരെ കുടുക്കിയുമാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരാകട്ടെ മുന്‍പ് പലവിധ തട്ടിപ്പിലൂടെ ഈ മേഖലയില്‍ നിന്ന് കോടികള്‍ സമ്പാദിച്ചവരുമാണ്.
വലവിരിക്കുന്നത് ഗ്രാമീണമേഖലയിൽ
ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ ചുവടുപിടിച്ചു മണിചെയിന്‍ മാതൃകയില്‍ ആരംഭിച്ച തട്ടിപ്പിലേറെയും ഗ്രാമീണരെയാണ് ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. ചെറിയ അധ്വാനം കൊണ്ട് അതിവേഗം സമ്പന്നരാകാമെന്ന് വാഗ്ദാനം ചെയ്ത് വ്യക്തിത്വ വികസന ക്ലാസുകള്‍ നല്‍കിയും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പുകാര്‍ ഇരകളെ വശീകരിക്കുന്നത്. നിലവിലുള്ള വരുമാനവും ജോലിയും കളയാതെ ഒഴിവുള്ള സമയം മാത്രം ചെലവഴിച്ച് വന്‍ സാമ്പത്തിക അഭിവൃദ്ധി നേടാമെന്നും സമൂഹത്തില്‍ അറിയപ്പെടുന്നവനാകാമെന്നും മറ്റും പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാര്‍ കുരുക്ക് മുറുക്കുന്നത്.
ദേ നിന്നു, ദാ പോയി
പണം പലിശക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും നിരവധിയാളുകൾ ഇവയിൽ ചേരുന്നതോടെ ഇവയുടെ ഉന്നതർ മുങ്ങുന്നതാണ് പതിവ്. തമിഴ്നാട് വിജിലൻസ് അടുത്തകാലത്ത് കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ എന്നിവടങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയതോടെ പലരുടെയും പണം വെള്ളത്തിലായെന്ന് പാലക്കാട്ടുനിന്നടക്കമുള്ള നിക്ഷേപകർ രഹസ്യമായി സമ്മതിക്കുന്നു. പരാതിപ്പെടുന്നതോടെ സ്ഥാപനങ്ങളുടെ പ്രവർത്തനം തകരാറിലാവുമെന്നും ഇതോടെ പണം നഷ്ടമാവുമെന്നുമുള്ള ഭീഷണിയിൽ മിക്ക ഇടപാടുകാരും നിശബ്ദരായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

