മരപ്പണിയിൽനിന്ന് മരസംരക്ഷണത്തിലേക്ക്; പച്ചപ്പിന്‍റെ കൊടുമുടിയേറി രാജേഷ് അടക്കാപുത്തൂർ
text_fieldsരാജേഷ്
പാലക്കാട്: ‘വെട്ടിയ പാപം നട്ടാൽ തീരും’ എന്ന ആശയവുമായി മരമില്ലിൽനിന്ന് പച്ചപ്പിന്‍റെ കൊടുമുടിയിലേക്ക് നടന്നുകയറിയ വ്യക്തിയാണ് രാജേഷ് അടക്കാപുത്തൂർ (54). വർഷത്തിൽ 365 ദിവസവും പരിസ്ഥിതി ദിനമായി കണക്കാക്കുന്ന ഇദ്ദേഹം 25 വർഷത്തോളമായി പരിസ്ഥിതി രംഗത്ത് വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുമായി ഒട്ടേറെ പ്രായോഗിക പദ്ധതികൾ നടപ്പിലാക്കി ശ്രദ്ധ നേടിയിട്ടുണ്ട്. അടക്കാപുത്തൂർ സംസ്കൃതിയുടെ അമരക്കാരനാണ് രാജേഷ്. മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് 2014ൽ സംസ്ഥാന സർക്കാരിന്‍റെ വനമിത്ര പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹം ലക്ഷക്കണക്കിന് മരത്തൈകളാണ് നട്ടിട്ടുള്ളത്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും രാജേഷ് മരത്തൈകൾ നട്ടിട്ടുണ്ട്.
മരമില്ലിൽ പണിക്കാരനായിരുന്ന രാജേഷിന്‍റെ ജീവിതം മാറ്റിമറിച്ചത് അന്നത്തെ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്‍റെ വാക്കുകളാണ്. ‘ആഗോളതാപനത്തിന് വനമാണ് മറുപടി’ എന്ന മന്ത്രിയുടെ പ്രസംഗം റേഡിയോയിലൂടെ കേട്ട രാജേഷ് പുനർവിചിന്തനത്തിലൂടെ പ്രായശ്ചിത്തമായി മരപ്പണി ഉപേക്ഷിച്ച് മരത്തൈ നടൽ ആരംഭിച്ചു.
നിലവിൽ സിനിമയിൽ കലാസംവിധാന സഹായിയായി ജോലി ചെയ്യുന്ന രാജേഷിന്‍റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചലച്ചിത്ര മേഖലയിലുള്ളവരും സാംസ്കാരിക രംഗത്തുള്ളവരും പിന്തുണ നൽകുന്നുണ്ട്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കിയ ‘ചിതകൾ പൂക്കുമ്പോൾ’ എന്ന ആദ്യ ഡോക്യുമെന്‍ററിക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2013ൽ 2013 ആൽമരം നടൽ പദ്ധതി നടപ്പാക്കി. ഇങ്ങനെ ഓരോ വർഷവും ആ വർഷത്തിന്‍റെ സംഖ്യ അനുസരിച്ച് മരങ്ങൾ നട്ടു.
2026ൽ 2026 പേരമരത്തൈകൾ നടാനാണ് പദ്ധതി. തൈകൾ നടുന്നതിനും പരിപാലിക്കുന്നതിനും ആയിരം കുട്ടികൾ അടങ്ങുന്ന സംസ്കൃതി സ്റ്റുഡന്‍റ്സ് ക്ലബുണ്ട്. കൂടാതെ 30 പേരോളം അടങ്ങുന്ന വേറൊരു സംഘവും രാജേഷിന് സഹായത്തിനായി ഉണ്ട്. മലപ്പുറം കരിങ്കല്ലത്താണി അരക്കുപറമ്പിൽ പ്രശസ്ത ഗായകൻ യേശുദാസിനായി ഗന്ധർവ്വ വനം ഒരുക്കിയിട്ടുണ്ട്. നിലവിൽ 86 മരങ്ങളുണ്ട് അവിടെ. യേശുദാസിന്റെ ഓരോ ജന്മദിനത്തിലും ഒരു തൈ അവിടെ നടും.
ഇക്കുറി 12 മെഗാ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. അതിൽ ഏറെ പ്രാധാന്യമുള്ളത് മുണ്ടൂർ തൂത പാതയിലെ നഷ്ടപ്പെട്ട മരങ്ങളെ വീണ്ടെടുക്കാനായി ‘ഹരിത ഇടനാഴി’ പ്രൊജക്ടാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളെ പങ്കാളികളാക്കി ‘മെമ്പർക്ക് ഒരു മരം’ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച നടക്കും.
സുന്ദർലാൽ ബഹുഗുണയുടെ പേരിലുള്ള പ്രഥമ വൃക്ഷശ്രേഷ്ഠ പുരസ്കാരം (2022), ഖത്തർ മലയാളി അസോസിയേഷന്‍റെ ഗ്രീൻ മാൻ അവാർഡ് (2019) തുടങ്ങി നിരവധി അവാർഡുകൾ രാജേഷിനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ മാധവിക്കുട്ടിയും മക്കളായ അർജുൻ രാജ്, അശ്വതി രാജ് എന്നിവരും പിന്തുണ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

