ഫ്രിഡ്ജ് വില 55000; നഷ്ടപരിഹാരം 1,30,000 രൂപ
text_fieldsമണ്ണാര്‍ക്കാട്: ഫ്രിഡ്ജ് വാങ്ങിയ ഉപഭോക്താവിന് മതിയായ വില്പനാന്തര സേവനം നല്‍കാത്തതിലെ വീഴ്ച പരിഗണിച്ച് മൂന്ന് ഇരട്ടിയോളം തുക നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ല കണ്‍സ്യൂമര്‍ ഫോറം വിധിച്ചു. മണ്ണാര്‍ക്കാട് അരകുര്‍ശ്ശി അരങ്ങത്ത് വീട്ടില്‍ എം. പുരുഷോത്തമന്റെ പരാതിയും ഉന്നയിച്ച ആവശ്യങ്ങളും പരിഗണിച്ചാണ് കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് വിനയ് മേനോന്, എന്‍.കെ. കൃഷ്ണന്‍കുട്ടി (മെംബര്‍) എന്നിവരടങ്ങിയ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി. പരാതിക്കാരന് ഫ്രിഡ്ജിന്റെ വിലയായ 55,000 രൂപ പൂര്‍ണമായും കമ്പനി തിരിച്ചുനല്‍കണം.
കൂടാതെ ഫ്രിഡ്ജ് വാങ്ങിയ 2018 ഒക്ബോടര്‍ 31 മുതല്‍ 10 ശതമാനം പലിശ നല്‍കാനും സേവനങ്ങളുടെ പോരായ്മകള്‍ക്കും തെറ്റായ കച്ചവടരീതികള്‍ക്കും 30,000 രൂപയും പരാതിക്കാരനുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് 25,000 രൂപയും കേസിന്റെ നടത്തിപ്പ് ചെലവിലേക്കായി 20,000 രൂപയും നല്‍കാനുമാണ് വിധി. ഇതോടെ കമ്പനി ആകെ 1,30,000 രൂപ നല്‍കേണ്ടതായിവരും പലിശയുമാകുമ്പോള് ഇതിലധികവുംവരും.
2018ലാണ് പരാതിക്കാരന് പാലക്കാട്ടെ സ്വകാര്യ ഏജന്‍സിയില്‍നിന്ന് 55,000 രൂപക്ക് ഫ്രിഡ്ജ് വാങ്ങിയത്. ഒരുവര്‍ഷത്തിനകംതന്നെ ഭാഗികമായി പ്രവര്‍ത്തനം നിലച്ച ഫ്രിഡ്ജ് ഒരുവര്‍ഷവും മൂന്നുമാസവും ആയപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. വാറന്റി പീരിയഡ് അവസാനിച്ചു എന്ന കാരണംപറഞ്ഞ് ഫ്രിഡ്ജ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് മതിയായ സര്‍വിസ് ചാര്‍ജും കമ്പനി ആവശ്യപ്പെട്ടു.
ഇതോടെയാണ് പരാതിക്കാരന് ജില്ല കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചത്. കണ്‍സ്യൂമര്‍ ഫോറം വിശദമായി വാദം കേള്‍ക്കുകയും പരാതിക്കാരന്റെ വാദങ്ങള്‍ അംഗീകരിച്ച് അനുകൂലവിധി പുറപ്പെടുവിക്കുകയുമായിരുന്നു. പരാതിക്കാരനുവേണ്ടി അഡ്വ. സി.പി. പ്രമോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

