അയിലൂർ പഞ്ചായത്തിൽ സൗജന്യ ശുദ്ധജല കണക്ഷൻ അവതാളത്തിൽ
text_fieldsനെന്മാറ: അയിലൂർ പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയിലെ സൗജന്യ കുടിവെള്ള കണക്ഷൻ അവതാളത്തിൽ. വീടുകൾക്ക് മുന്നിലൂടെ പൈപ്പ് ലൈൻ ഉണ്ടായിട്ടും സൗജന്യ കണക്ഷൻ നൽകാത്തതിനാൽ 500ലധികം ഗുണഭോക്താക്കൾ ദുരിതത്തിൽ.
ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയതുമായ ഗാർഹിക കുടിവെള്ള പദ്ധതിക്ക് 600 ഗുണഭോക്താക്കളുടെ പട്ടിക നിർവഹണ ഉദ്യോഗസ്ഥന് കൈമാറാൻ 2024 സെപ്റ്റംബർ 13ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നതായി ഓൺലൈൻ യോഗ രജിസ്റ്ററിലുണ്ട്. സൗജന്യമായാണോ പണം നൽകിയാണോ കണക്ഷൻ നൽകുന്നത് എന്നതിന്റെ മറ്റു വിശദാംശങ്ങളൊന്നും രജിസ്റ്ററിൽ വ്യക്തമല്ല. എന്നാൽ, കണക്ഷൻ എടുക്കുന്ന ഗുണഭോക്താവ് അതിനു വേണ്ടി ചെലവാക്കുന്ന തുകയിൽ 5,000 രൂപ മാത്രം പഞ്ചായത്തിൽനിന്ന് പിന്നീട് ലഭിക്കുന്നുണ്ട്. അതിലും വ്യക്തതയില്ല. നാളിതുവരെ എങ്ങുമെത്താതെ മുട്ടിലിഴയുകയാണ് പദ്ധതിയെന്ന് കണക്ഷൻ ലഭിക്കാത്ത നാട്ടുകാർ പറയുന്നു. വേനൽ കനത്തിട്ടും കുടിവെള്ള പദ്ധതി എല്ലാവരിലും സൗജന്യമായി എത്തിക്കുന്ന വിഷയത്തിൽ അധികൃതർക്ക് അനങ്ങാപ്പാറ നയമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിലെ നിരവധി പേർക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകുകയും ഇപ്പോൾ ഒറ്റപ്പെട്ട് കണക്ഷൻ എടുക്കുന്നവരിൽനിന്ന് തുക ഈടാക്കുകയും ചെയ്യുന്നത് അനീതിയാണെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടു പോലുമില്ല. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ, പദ്ധതിയുടെ തുടക്കത്തിൽ സാങ്കേതിക വൈകലുകൾ ഉണ്ടായിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി മുകുന്ദൻ പറഞ്ഞു. കുടിവെള്ള കണക്ഷൻ നൽകുന്നതിന് വി.ഇ.ഒവിനാണ് ചുമതല നൽകിയിരുന്നത്. പിന്നീട് മാറ്റി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നും ഒരാഴ്ചക്കകം കണക്ഷനുകൾ നൽകുമെന്നും നിലവിൽ കണക്ഷൻ എടുത്തവർക്ക് റെസീപ്റ്റ് പഞ്ചായത്തിൽ കാണിക്കുകയാണെങ്കിൽ 5000 രൂപ വരെ തിരികെ നൽകുന്നുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

