പാലക്കാട് ഇ-ഓട്ടോകൾക്ക് ചാർജില്ലാതാകുമോ?
text_fieldsപാലക്കാട്: സർക്കാറിന്റെ വിവിധ മോഹിപ്പിക്കുന്ന പ്രോത്സാഹന പിൻബലത്തിലാണ് വൈദ്യുത ഓട്ടോ പുറത്തിറക്കി തുടങ്ങിയത്. വർഷങ്ങൾക്കിപ്പുറവും വൈദ്യുത ഓട്ടോ ഉടമകൾക്ക് പറയാനുള്ളത് പരിഭവങ്ങൾ മാത്രം. അതാകട്ടെ ചാർജിങ് മുതൽ അറ്റകുറ്റപ്പണി വരെ നീളുന്നു. ആദ്യഘട്ടത്തിൽ കറന്റ് അടിച്ചു ഓട്ടോ നിരത്തിലിറക്കിയ ചുള്ളന്മാർ പലരും ചാർജ് പോയന്റ് തപ്പി ഓട്ടം ഇപ്പോഴും തുടരുകയാണ്. ചാർജ് പോയന്റ് തയാറായിയെന്നും മൈലേജിന്റെ മേനി പറഞ്ഞും ആളെകൂട്ടിയ കമ്പനികൾ ഇപ്പോഴും അത് ആവർത്തിക്കുന്നണ്ടെങ്കിലും ഒന്നുമായിട്ടില്ലെന്നതാണ് സത്യം. പാതിവഴിക്ക് ചാർജ് പോയി ‘ഓഫാ’യ പരിഭവങ്ങൾക്ക് ആര് മറുപടി പറയുമെന്നാണ് ഓട്ടോ ഉടമകൾ ചോദിക്കുന്നത്.
ഇന്ധനലാഭം മുതൽ പ്രോത്സാഹന സബ്സിഡി വരെ കണ്ടു 2.5 ലക്ഷം മുതൽ മൂന്നുലക്ഷം വരെ മുടക്കിയാണ് മിക്ക ഓട്ടോകൾ നിരത്തിലിറക്കിയത്. വാഗ്ദാനം ചെയ്തതുപോലെ ഓട്ടോ വാങ്ങിയ മിക്കവര്‍ക്കും 100 കിലോ മീറ്റര്‍ അവകാശപ്പെട്ടിടത്ത് 90 കിലോമീറ്റര്‍ പോലും മൈലേജ് കിട്ടുന്നില്ല എന്നുള്ളതായിരുന്നു ആദ്യമുയര്‍ന്ന പ്രശ്നം. വലിയ കയറ്റങ്ങൾ വരുമ്പോൾ ഓട്ടോയുടെ കാര്യക്ഷമത കുറഞ്ഞുവരുന്നതായും പരാതിയുണ്ട്. കമ്പനികളുടെ നിരുത്തരവാദപരമായ സമീപനം കാരണം ഇലക്ട്രിക് ഓട്ടോകളെടുത്തവര് കടക്കെണിമൂലം പ്രതിസന്ധിലായെന്ന് വൈദ്യുതി ഓട്ടോ ഡ്രൈവർ യൂസുഫ് പറഞ്ഞു.
വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോഴും അതിനായുള്ള ചാർജിങ് പോയന്റുകൾ വേണ്ടവിധത്തിൽ ഉണ്ടോയെന്നാണ് ഡ്രൈവർമാർ ചോദിക്കുന്നത്. അതുകൊണ്ടുതന്നെ ഇലക്ട്രിക് ഓട്ടോ ഉടമകൾ നഗരത്തിൽ ഓടാൻ മടിക്കുകയാണ്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം ഇലക്ട്രിക് വാഹനങ്ങൾ ലോകമെമ്പാടും പ്രചാരം നേടുന്നവേളയിലാണ് ജില്ലയിൽ ഇങ്ങനെയൊരവസ്ഥ. ദോഷകരമായ മലിനീകരണം പുറന്തള്ളുന്നില്ല എന്നതും അങ്ങനെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ശബ്ദമലിനീകരണം കുറക്കാനും ഇലക്ട്രിക് ഓട്ടോകൾ സഹായിക്കുന്നുണ്ട്. സർക്കാർ വായ്പയും സബ്സിഡിയും നൽകി ഇറക്കിയ ഇലക്ട്രിക് ഓട്ടോകളുടെ അവസ്ഥ ദയനീയമാണിന്ന്. മുക്കിനുമുക്കിന് പെട്രോൾ പമ്പുകൾ ഉള്ളതുപോലെ ചാർജിങ് സ്റ്റേഷനുകളാണ് ആദ്യം വേണ്ടതെന്ന് ഒരുവിഭാഗം ഡ്രൈവർ പരിതപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

