ആവേശമായി ഫ്രറ്റേണിറ്റി കാരവൻ
text_fieldsഫ്രറ്റേണിറ്റി കാമ്പസ് കാരവൻ ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് ജില്ല പ്രസിഡന്റ് ഫിറോസ് എഫ്. റഹ്മാന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്യുന്നു
പാലക്കാട്: കാമ്പസുകളിൽ ആവേശം വിതറി ഫ്രറ്റേണിറ്റി ദ്വിദിന കാരവൻ തുടങ്ങി. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു. ജാഥ ക്യാപ്റ്റനായ ജില്ല പ്രസിഡന്റ് ഫിറോസ് എഫ്. റഹ്മാന് പതാക കൈമാറി ഷഹിൻ ഷിഹാബ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം ഷബ്നം പി. നസീർ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ സബിൻ, യൂനിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
ചെർപ്പുളശ്ശേരി ഐഡിയൽ കോളജ്, ഗവ. വിക്ടോറിയ കോളജ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയും കൈയൊപ്പ് ചാർത്തലും നടത്തി. കലാപരിപാടികൾ അരങ്ങേറി. സംഘടനയിലേക്ക് പുതുതായി വന്ന മെംബർമാർക്ക് അംഗത്വ കാർഡ് നൽകി. യൂനിറ്റ് ഭാരവാഹികളായ ഇർഫാൻ, ഹാദിയ, അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. ചിറ്റൂരിൽ കോളജിൽ കാരവൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എം. സാബിർ അഹ്സൻ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് ഭാരവാഹികളായ മുർഷിദ, ഹസാന അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. ജില്ല നേതാക്കളായ റഷാദ് പുതുനഗരം, തോഹ, അമീന, അമാന, ജഫ്ല, സഫീദ, ഷഹ്ബാസ്, ഷിബിൻ, ഫയാസ്, ബാസിമ എന്നിവർ ആദ്യദിനത്തിലെ കാരവന് നേതൃത്വം നൽകി. സമാപനദിനമായ ചൊവ്വാഴ്ച പട്ടാമ്പി എസ്.എൻ.ജി.എസ് കോളജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ്, ആർ.ജി.എം കോളജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

