തുറന്നുവിട്ടിട്ട് നാലുനാൾ; ആളിയാർ ജലം കേരളത്തിലെത്തിയില്ല
text_fieldsപാലക്കാട്: ആളിയാറിൽനിന്ന് തുറന്നുവിട്ട ജലം നാലുദിവസം കഴിഞ്ഞിട്ടും ചിറ്റൂർ പുഴയിൽ എത്തിയില്ല. ആളിയാർ ഡാമിന് താഴെ അറ്റകുറ്റപണി വന്നതാണ് നീരൊഴുക്കിനെ ബാധിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുവരെ തമിഴ്നാട് അതിർത്തിയിലുള്ള അമ്പ്രാംപാളയത്തിൽ പോലും വെള്ളം എത്തിയിട്ടില്ലെന്നാണ് വിവരം. അത്ര പതിയെയാണ് നീരൊഴുക്ക്. എപ്പോൾ വെള്ളമെത്തും എന്ന കാര്യത്തിൽ ഉത്തരം പറയാൻ കേരള ജലവിഭവ വകുപ്പ് അധികൃതർക്ക് പോലുമാകുന്നില്ല.
കേരള അതിർത്തിയിലെ മണക്കാവ് വിയറിലെത്തിയാലേ കേരളത്തിന് ആശ്വാസമാകൂ. വെള്ളം തുറന്നുവിട്ടെങ്കിലും ഞായറാഴ്ച ആളിയാർ ഡാമിന് സമീപത്തെ നിർമാണ പ്രവർത്തനങ്ങളെത്തുടർന്ന് ഒഴുക്ക് തടയുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെയാണ് കോൺക്രീറ്റിങ് പൂർത്തിയാക്കിയത്.
കൂടാതെ കേരളത്തിന് അനുവദിച്ച ജലത്തിൽനിന്ന് സർക്കാർ-സ്വകാര്യ പ്ലാന്റുകളിലേക്കും മറ്റും പമ്പിങ്ങുകൾ നടത്തി ജലം വിനിയോഗിക്കപ്പെടുന്നതും ഒഴുക്കിനെ ബാധിക്കുന്നുണ്ട്. വെള്ളം ഒഴുകുന്ന ചാലുകൾ നനഞ്ഞ് ശക്തിയിൽ ഒഴുകിവരുമെന്ന പ്രതീക്ഷയിൽ കേരള അതിർത്തിയിൽ മണക്കടവിലും മൂലത്തറയിലും കാത്തിരിക്കുകയാണ് ജനം.