രണ്ടുപതിറ്റാണ്ട്; വടക്കഞ്ചേരി ഫയർ സ്റ്റേഷൻ വാടകക്കെട്ടിടത്തിൽ തന്നെ
text_fieldsതീപ്പെട്ടി കമ്പനിയിലെ വാടകക്കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന വടക്കഞ്ചേരി ഫയർ സ്റ്റേഷൻ
വടക്കഞ്ചേരി: വാടക കെട്ടിടത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തം സ്ഥലവും കെട്ടിടവും എന്ന വടക്കഞ്ചേരി ഫയർസ്റ്റേഷന്റെ സ്വപ്നം പൂവണിഞ്ഞില്ല. ഓടുമേഞ്ഞ പഴയ തീപ്പെട്ടി കമ്പനിയിലാണ് ഇപ്പോഴും വടക്കഞ്ചേരി ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. കെ.എസ്.ആർ.ടി.സി സബ്ഡിപ്പോ കോമ്പൗണ്ടിൽനിന്ന് 40 സെന്റ് സ്ഥലം ഫയർസ്റ്റേഷനായി വിട്ടുനൽകുന്ന നടപടികൾ അന്തിമഘട്ടത്തിലെത്തിയെങ്കിലും സ്ഥലം വിട്ടുതരാനാകില്ലെന്നും വികസനത്തിന് സ്ഥലം ആവശ്യമായി വരുമെന്നും കാണിച്ച് അധികൃതർ ചുവടുമാറി.
40 സെന്റ് സ്ഥലം കെ.എസ്.ആർ.ടി.സി വിട്ടുകൊടുക്കുമ്പോൾ അവിടേക്കുള്ള വഴി കെ.എസ്.ഇ.ബി കോമ്പൗണ്ടിലൂടെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി അധികൃതരുടെ മനംമാറ്റം വകുപ്പുകളുടെ പേപ്പർ വർക്കുകളെല്ലാം വെറുതെയാക്കി.1995 ആഗസ്റ്റ് അഞ്ചിനാണ് അഞ്ചുമൂർത്തി മംഗലത്ത് ഗാന്ധി സ്മാരക സ്കൂളിനു സമീപം പഴയ തീപ്പെട്ടി കമ്പനിയിൽ വടക്കഞ്ചേരി ഫയർസ്റ്റേഷൻ ആരംഭിച്ചത്.
രണ്ട് വർഷത്തിനുള്ളിൽ സ്വന്തം സ്ഥലം കണ്ടെത്തി കെട്ടിടം നിർമിച്ച് ഫയർസ്റ്റേഷൻ മാറ്റുമെന്ന ഉറപ്പിലായിരുന്നു തീപ്പെട്ടി കമ്പനിയിലെ തുടക്കം. കാറ്റും മഴയും ഒന്നിച്ചുവരുമ്പോൾ ജീവനക്കാർക്ക് ആധിയാണ്. കെട്ടിടത്തിന്റെ ചോർച്ചമൂലം എല്ലാവർക്കും നനയാതെ കെട്ടിടത്തിൽ കഴിയാനും ബുദ്ധിമുട്ടുണ്ട്. മഴക്കാലത്ത് കെട്ടിടത്തിന്റെ ഏതെങ്കിലും ഉറപ്പുള്ള ഭാഗത്താണ് ഇവർ കഴിച്ചുകൂട്ടുന്നത്. വ്യവസായ പാർക്കിനായി കണ്ണമ്പ്രയിൽ ഏറ്റെടുത്ത സ്ഥലത്ത് ഫയർസ്റ്റേഷനും സ്ഥലംകിട്ടുമെന്ന പ്രതീക്ഷയാണ് ഇനിയുള്ളത്. മേരിഗിരിയിൽ കല്ലിങ്കൽപ്പാടം റോഡിന്റെ തുടക്കത്തിൽ തന്നെ ഫയർഫോഴ്സിന് സ്ഥലം കൈമാറാനാണ് ധാരണ. അതും അവസാന നിമിഷത്തിൽ കൈവിട്ടാൽ പിന്നെ വടക്കഞ്ചേരിക്ക് ഫയർസ്റ്റേഷൻ നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

