മഴ പെയ്താൽ വെള്ളക്കെട്ട്; ദുരിതക്കയത്തിൽ വിദ്യാർഥികൾ
text_fieldsകൂറ്റനാട്: മഴ പെയ്താൽ സ്കൂളിന് മുന്നിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ വലഞ്ഞ് വിദ്യാർഥികൾ. നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോട് ഹൈസ്കൂളിന് മുന്നിലാണ് പലപ്പോഴും റോഡ് തോടാകുന്നത്. കാൽനടയായും വാഹനങ്ങളിലും വരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഇരുചക്രവാഹനങ്ങൾക്കും ഇതോടെ വെള്ളക്കെട്ട് ദുരിതമാണ്. റോഡിന്റെ ഇരുവശങ്ങളിലുമായാണ് പ്രീ- പ്രൈമറി, എ.എൽ.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
നൂറുകണക്കിന് വിദ്യാർഥികൾ വന്നുപോകുന്ന റോഡിൽ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കൂടി പോകുമ്പോൾ യാത്രക്കാർ നനഞ്ഞൊട്ടുന്ന അവസ്ഥയാണ്. വസ്ത്രങ്ങൾ നനഞ്ഞ് ക്ലാസുകളിൽ ഇരിക്കുന്നത് തെല്ലൊന്നുമല്ല ഇവരെ അലോസരപ്പെടുത്തുന്നത്. അതിനിടെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന മാലിന്യം കലര്‍ന്ന ജലം രോഗഭീതിയും പടര്‍ത്തുന്നുണ്ട്.
അഴുക്കുചാലുകള്‍ മിക്ക സ്ഥലങ്ങളിലും അടഞ്ഞും ചിലേടത്ത് ഇല്ലാതെയുമൊക്കെയാണ് ഇപ്പോഴത്തെ അവസ്ഥ. അതിനാല്‍ റോഡിലൂടെതന്നെയാണ് ശക്തമായ ഒഴുക്ക്. വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരത്തിന് അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യം.