ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് വർഷം കഠിനതടവ്
text_fieldsrepresentational image
പാലക്കാട്: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും. മണ്ണാർക്കാട് ചെലേങ്കര കൊന്നക്കോട് വീട്ടിൽ രാധാകൃഷ്ണനാണ് (38) പാലക്കാട് പോക്സോ അതിവേഗ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക കഠിനതടവനുഭവിക്കണം. 2017 സെപ്റ്റംബർ 27നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്കൂളിൽനിന്ന് വിളിച്ച് കൊണ്ടുപോകുന്ന വഴി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
2021 ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങിയ പാലക്കാട് പോക്സോ കോടതിയിലെ ആദ്യ വിധി ആണിത്. കേസിെൻറ വിചാരണ മാർച്ച് 15ന് ആരംഭിച്ചു. 12 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി.
മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐ ഹിദായത്തുള്ള മാമ്പ്രയാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. നിഷ ഹാജരായി.

