പോഷൺ അഭിയാൻ പദ്ധതി കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസം
text_fieldsപാലക്കാട്: സാമൂഹികനീതി വകുപ്പിന് കീഴിലെ പോഷൺ അഭിയാൻ പദ്ധതി കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസം. ഇരുനൂറ്റമ്പതോളം ജീവനക്കാരാണ് ശമ്പളത്തിനായി മാസങ്ങൾ നീണ്ട കാത്തിരിപ്പ് തുടരുന്നത്. കേന്ദ്രസർക്കാറിന്റെ 80ഉം സംസ്ഥാന സർക്കാറിന്റെ 20 ഉം ശതമാനം ഫണ്ടുൾപ്പെടുത്തിയാണ് പദ്ധതി പ്രവർത്തിക്കുന്നത്. ബ്ലോക്ക്-ജില്ല തലങ്ങളിലായി സംസ്ഥാനത്ത് ഇരുനൂറ്റമ്പതോളം ജീവനക്കാരാണ് പദ്ധതിയിൽ ജോലി ചെയ്യുന്നത്.
രണ്ടുവർഷം മുമ്പ് നിയമിച്ച ഇവരിൽ പലരുടെയും നിയമനകാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു. ജനുവരിയിൽ കരാർ പുതുക്കിയതോടെയാണ് ശമ്പളം ലഭിക്കാതായത്. വനിത-ശിശു വികസന വകുപ്പിലെ ഒരുവിഭാഗം ജീവനക്കാരുടെ അനാസ്ഥയാണ് കാരണമെന്നാണ് കരാർ ജീവനക്കാരുടെ ആരോപണം. ഇവരുടെ ശമ്പളത്തുക പി.എഫ്.എം.എസ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.

