മണ്ണാര്‍ക്കാട്ട് മരമില്ലില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsRepresentational Image
മണ്ണാര്‍ക്കാട്: നഗരത്തില്‍ കോടതിപ്പടിയിലെ മരമില്ലില്‍ തീപിടിത്തം. വലിയ കല്ലടി വീട്ടില്‍ വി.കെ. ഇല്ല്യാസിന്റെ ഉടമസ്ഥതയിലുള്ള ഇല്ല്യാസ് സോ മില്ലിൽ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഈര്‍ന്ന ശേഷം കൂട്ടിയിട്ട മരങ്ങള്ക്കുള്പ്പടെയാണ് തീപിടിച്ചത്.
മില്ലിന് സമീപമാണ് ഇല്ല്യാസിന്റെ വീട്. പുലര്‍ച്ചെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് തീ കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഈ സമയം നഗരത്തില്‍ റോന്ത് ചുറ്റുകയായിരുന്ന പൊലീസും അഗ്നിബാധ ഫയര്‍ഫോഴ്സിനെ അറിയിച്ചിരുന്നു. ഉടന്‍ വട്ടമ്പലത്തുനിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണക്കാൻ ശ്രമം തുടങ്ങി.
മരങ്ങള്‍ക്ക് തീപിടിച്ചതിനാലും സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളുള്ളതും കണക്കിലെടുത്ത് പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷന്റെയും സഹായം തേടി. രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് ഒന്നേ മുക്കാല്‍ മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ഇല്ല്യാസ് പറഞ്ഞു.
മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് അസി. സ്റ്റേഷന് ഓഫിസര്‍ എ.കെ. ഗോവിന്ദന്‍കുട്ടി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ വിജിത്ത്, റിജേഷ്, സുരേഷ്കുമാര്‍, ഹോം ഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

