കഞ്ചിക്കോട് കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
text_fieldsകഞ്ചിക്കോട് തീപിടിത്തത്തിൽ കത്തിയമർന്ന കിടക്ക നിര്‍മാണ കമ്പനി കെട്ടിടം
പാലക്കാട്: കഞ്ചിക്കോട് കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. വൈസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് പോളി ഫോം ടെക് എന്ന ബെഡ് നിര്‍മാണ കമ്പനിയിലാണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ തീപിടിത്തമുണ്ടായത്. കമ്പനിയുടെ ഷെഡ്, മെത്ത നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍, കമ്പ്യൂട്ടറുകള്‍, അഞ്ച് ബൈക്കുകള്‍, കമ്പനിയിലെ വിവിധ യന്ത്രസാമഗ്രികള്‍ എന്നിവ കത്തിച്ചു.
ഷോര്‍ട്ട്സര്‍ക്ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. കഴിഞ്ഞ ജൂണ്‍ അവസാനത്തിലും ഇവിടെ തീപിടിത്തമുണ്ടായിരുന്നു. അന്ന് മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമാണന്നുണ്ടായത്. ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നാണ് വിവരം. യഥാർഥ നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. വെള്ളിയാഴ്ച ജോലിക്കാരെത്തി പ്രവര്‍ത്തനം തുടങ്ങും മുമ്പ് തന്നെ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന ് സമീപവാസികളെ വിവരമറിയിക്കുകയും തീ അണക്കുന്നതിന് ശ്രമം നടത്തിയെങ്കിലും വിഫലമായി.
കഞ്ചിക്കോട് നിന്നെത്തിയ അഗ്നിശമന സേനയാണ് ഒരുമണിക്കൂറോളം പരിശ്രമിച്ച് തീയണച്ചത്. അഗ്നിശമന സ്റ്റേഷന് ഓഫിസര്‍ എ. വിനോദ്കുമാര്‍, സേനാംഗങ്ങളായ എ. സനില്‍കുമാര്‍, സി. കലാധരന്‍, കെ. രാജേഷ്, പി.കെ. രഞ്ജിത്ത്, പി. കരുണാകരന്, എ. രാജന്, എം. സുഭാഷ്, സിവില്‍ ഡിഫന്‍സ് അംഗം എം. സുജിത്ത് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തീപിടിത്തം തുടര്‍ക്കഥയായിരിക്കുകയാണ്.
വ്യാഴാഴ്ച കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കമ്പനിയിലും തീ പിടിത്തമുണ്ടായി. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ ശേഖരിച്ചിരുന്നത്. ഇതിന്റെ അടിഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. അഗ്നിശമനസേനയെത്തി തീ നിയന്ത്രിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

