കൊല്ലങ്കോട് ഫർണിച്ചർ ഷോറൂമിലും തടിമില്ലിലും അഗ്നിബാധ; അഞ്ച് കോടിയുടെ നഷ്ടം
text_fieldsകൊല്ലങ്കോട് അഞ്ജലി ഫർണിച്ചർ ഷോറൂമിലും തടിമില്ലിലുമുണ്ടായ അഗ്നിബാധ
കൊല്ലങ്കോട്: ഫർണിച്ചർ ഷോറൂമിലും തടിമില്ലിലുമുണ്ടായ തീപിടുത്തത്തിൽ അഞ്ച് കോടിയുടെ നഷ്ടം. അരുവന്നൂർ പറമ്പിലെ അഞ്ജലി ഫർണിച്ചർ ഷോറുമിലാണ് ശനിയാഴ്ച പുലർച്ചെ ഒന്നോടെ ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തെ തടിമില്ലിലേക്കും പടരുകയായിരുന്നു. മംഗലം- ഗോവിന്ദാപുരം റോഡരുകിലെ ഷോറൂമിൽ തീ പടരുന്നത് കണ്ട് അതുവഴി പോയ പച്ചക്കറി ലോറിയുടെ ഡ്രൈവറാണ് ചിറ്റൂർ അഗ്നിരക്ഷ കേന്ദ്രത്തിൽ വിവരം അറിയിച്ചത്. തുടർന്ന് കൊല്ലങ്കോട് അഗ്നിശമന കേന്ദ്രത്തിൽനിന്ന് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും 25 മീറ്ററിലധികം ഉയരത്തിൽ തീ ആളിക്കത്താൻ തുടങ്ങിയിരുന്നു.
വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പത്ത് യൂനിറ്റിലധികം അഗ്നിരക്ഷാ വാഹനങ്ങൾ 16 മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃശൂർ, പാലക്കാട് അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് 15,000 ലിറ്റർ സംഭരണ ശേഷിയുള്ള ബ്രൗസർ അഗ്നിരക്ഷ വാഹനങ്ങളും പങ്കെടുത്തു. ഷോർട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. തൃശൂർ ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ 74 സേനാംഗങ്ങളാണ് തീയണക്കുന്നതിൽ പങ്കാളിയായത്.
സംഭവസമയത്ത് നാല് അതിഥി തൊഴിലാളികൾ കെട്ടിടത്തിന് പുറകുവശത്ത് ഉറങ്ങുന്നുണ്ടായിരുന്നു. എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടതായി ഷോറൂം ഉടമ പ്രേമൻ പറഞ്ഞു. കൊല്ലങ്കോട്ട് അടുത്തിടെയുണ്ടായതിൽ വലിയ നഷ്ടം വരുത്തിയ അഗ്നിബാധയാണ് ശനിയാഴ്ചത്തേതെന്ന് കൊല്ലങ്കോട് സ്റ്റേഷൻ ഓഫിസർ അർജുൻ കെ. കൃഷ്ണൻ പറഞ്ഞു.
ചാത്തൻചിറ കുളത്തിൽനിന്ന് ശേഖരിച്ചത് ഒന്നര ലക്ഷം ലിറ്റർ വെള്ളം
കൊല്ലങ്കോട്: തീ അണക്കാൻ പത്തിലധികം അഗ്നിരക്ഷ യൂനിറ്റുകൾക്ക് സഹായകമായത് ചാത്തൻചിറകുളം. അഗ്നിബാധയുണ്ടായ അരുവന്നൂർ പറമ്പിൽ നിന്ന് 300 മീറ്റർ പരിധിയിലുള്ള പയ്യല്ലൂർ റോഡിലെ ചാത്തൻ ചിറകുളത്തിൽ നിന്നാണ് 1.5 ലക്ഷം ലിറ്ററിലധികം വെള്ളം തീയണക്കാൻ ശേഖരിച്ചത്.
ആലത്തൂർ അഗ്നി രക്ഷാ നിലയത്തിൽ നിന്ന് ജി.മധു, പാലക്കാടുനിന്ന് ജോബി ജേക്കബ്, ബെന്നി കെ. ആഡ്രോസ്, കൊല്ലങ്കോട് അർജുൻ കെ. കൃഷ്ണൻ, ആർ. രമേശ്, തൃശുർ ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ, മലപ്പുറം ജില്ല ഫയർ ഓഫിസർ എസ്.എൽ.ദിലീപ്, വടക്കഞ്ചേരി ലൂക്കോസ് തോമസ്, ആലത്തൂർ, ചിറ്റൂർ കെ. സത്യപ്രകാശൻ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കാൻ നേതൃത്വം നൽകിയത്.
ഞെട്ടൽ മാറാതെ അരുവന്നൂർപറമ്പ് നിവാസികൾ
കൊല്ലങ്കോട്: തീപിടിത്തത്തിന്റെ വലിയ ശബ്ദം കേട്ടാണ് അരുവന്നൂർ പറമ്പ് വാസികൾ ഞെട്ടി ഉണർന്നത്. ഫർണിച്ചർ ഷോറൂമിനും തടി മില്ലിനും പുലർച്ചെ ഒരു മണിക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ നാല് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ എട്ട് പേർ ഇവിടെ ജോലി ചെയ്തിരുന്നതായി കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. നാല് തൊഴിലാളികൾ വീടുകളിലേക്ക് പോവുകയും നാല് പേർ പുറകിലെ ഷെഡ്ഡിലാണ് ഉറങ്ങിയിരുന്നത്.
ഫർണിച്ചർ ഷോറൂമിൽ ഫോറൻസിക് വിദഗ്ധ കെ.അനുപമ പരിശോധനക്കെത്തിയപ്പോൾ
ഫർണിച്ചർ ഷോറൂമിന്റെ മുമ്പിലുണ്ടായ അഗ്നിബാധ തൊഴിലാളികൾ അറിഞ്ഞില്ല. നാട്ടുകാരും പൊലീസുകാരും ഇവരെ ഉണർത്തുകയായിരുന്നു. ഫർണിച്ചർ നിർമിക്കുന്ന യന്ത്രങ്ങൾ പ്ലൈനർ, സോഫ, സെറ്റി, വാതിൽ, ജനൽ എന്നിവ സൂക്ഷിച്ച രണ്ട് നിലകളിലുള്ള ഷോറൂം കെട്ടിടം ഉൾപ്പെടെ കത്തി നശിച്ചു. കടക്ക് ഒരു കോടി രൂപയുടെ ഇൻഷൂറൻസ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തടിമില്ലിന്റെ വടക്കുവശത്തുള്ള തടികളും കനാലിനു മുകളിലെ തടികൾക്കും തീപിടിച്ചില്ല. ഡിവൈ.എസ്.പി സി. സുന്ദരൻ, ഫോറൻസിക് വിദഗ്ധ കെ. അനുപമ എന്നിവരെത്തി പരിശോധിച്ചു. ഷോർട്ട് സർക്യൂട്ട് അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

