നീരൊഴുക്ക് നിലച്ചു; പലകപ്പാണ്ടി കനാലിൽ അടിഞ്ഞ ചെളി നീക്കണമെന്ന് കർഷകർ
text_fieldsപലകപ്പാണ്ടി കനാലിൽ അടിഞ്ഞുകൂടിയ ചെളി
കൊല്ലങ്കോട്: പലകപ്പാണ്ടി കനാലിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പതിറ്റാണ്ടിലധികം പഴക്കമുള്ള കനാലിൽ മാലിന്യവും ചെളിയും നിറഞ്ഞ് നീരൊഴുക്ക് മന്ദഗതിയിലാണ്. പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽനിന്ന് ചെക്ക് ഡാം സ്ഥാപിച്ച് ഷട്ടറുകളിലൂടെ നീരൊഴുക്ക് നിയന്ത്രിച്ചാണ് നാല് കിലോമീറ്റർ ദൈർഘ്യമുള്ള കനാലിലൂടെ ചുള്ളിയാർ ഡാമിലേക്ക് വെള്ളം എത്തിക്കുന്നത്.
മാലിന്യം നിറഞ്ഞതിനാൽ ശക്തമായ മഴ ഉണ്ടാകുന്ന സമയങ്ങളിൽ കനാൽ കരകവിഞ്ഞ് കൃഷിയിടങ്ങളും പറമ്പുകളും റോഡും തകരുന്നത് പതിവാണ്. ജലനിരപ്പ് കുറഞ്ഞ ചുള്ളിയാർ ഡാമിൽ കൃത്യമായി പലകപ്പാണ്ടിയിലെ നീരൊഴുക്കിലെ വെള്ളം എത്തിക്കുകയാണെങ്കിൽ കർഷകർക്ക് ഗുണകരമാകും.
അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്യാൻ ജനസേചന വകുപ്പ് തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണം. മൂന്നുവർഷങ്ങൾക്ക് മുമ്പ് ചെളി നീക്കം ചെയ്യാൻ കരാർ നൽകിയിരുന്നെങ്കിലും പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോയില്ല. നിലവിൽ കനാലിലെ നീരൊഴുക്ക് 50 ശതമാനം മാത്രമായി കുറഞ്ഞിരിക്കുകയാണ്. നീരൊഴുക്കിലെ തടസ്സം നീക്കാൻ ജലസേചന വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് വിവിധ കർഷക സംഘടനകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

