കാർഷിക വിനോദ സഞ്ചാര പദ്ധതിയുമായി പാലക്കയത്തെ കർഷകർ
text_fieldsപാലക്കയം മലനിരകൾ
തച്ചമ്പാറ: പാലക്കയത്തിന്റെ ഹരിത സൗന്ദര്യത്തെയും ജൈവകൃഷിയെയും ഫാം സന്ദർശനത്തെയും കേന്ദ്രീകരിക്കുന്ന പ്രകൃതിദത്ത-ഗ്രാമീണ-വിനോദ സഞ്ചാര പദ്ധതിയുമായി തദ്ദേശവാസികൾ രംഗത്ത്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുക, ഗ്രാമ, പ്രാദേശിക സമൂഹ വികസനത്തിന് വിനോദ സഞ്ചാരത്തെ ഉപയോഗപ്പെടുത്തുക, ത്തോട്ടങ്ങൾ സന്ദർശിച്ച് കൃഷിയെ അറിയുക, മികച്ച സാമൂഹിക, പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയിലൂന്നിയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
പാരമ്പര്യ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ധാരാളം കർഷകരും കർഷക തൊഴിലാളികളും ഇവിടെയുണ്ട്. എല്ലാവിധ കാർഷിക വിളകളും സമന്വയിപ്പിച്ചുകൊണ്ട് കൃഷി ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. കല്ലാർപുഴ, ചീനിക്കപ്പാറ പുഴ, അച്ചിലട്ടി പുഴ, മുണ്ടനാടൻ പുഴ എന്നിവയാണ് കൃഷിക്കും ജലസേചനത്തിനുമായുള്ളത്. പാരമ്പര്യ തനിമ വിളിച്ചോതുന്ന ഗോത്രകലകൾ, നാടൻ പാട്ട്, ആദിവാസി കലാരൂപങ്ങൾ, കരകൗശല നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരൊക്കെ ഇവിടുത്തെ പ്രത്യേകതയാണ്. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിലേക്ക് ട്രക്കിങ് നടത്തുന്നത് സാഹസിക സഞ്ചാരികൾക്ക് ആകർഷകമാവും. നാടൻ ഭക്ഷണ വിഭവങ്ങൾ സന്ദർശകർക്ക് ആസ്വദിക്കാനാവും. ഇതിന്റെ ഭാഗമായി വിവിധ കർഷക പുരസ്കാരങ്ങൾ നേടിയ ബിജു ജോസഫിന്റെ ഫാം ‘ഗ്രീൻ പാലക്കയം’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയതായി കോഓഡിനേറ്റർ സജീവ് പാലക്കയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

