നേന്ത്രക്കായ വിലയിടിവ്; കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ
text_fieldsവടക്കഞ്ചേരി: ഓണം കഴിഞ്ഞതോടെ നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞത് വടക്കഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും കർഷകർക്ക് വൻ ദുരിതമായി. ഉൽപാദനച്ചെലവ് പോലും തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാഴക്കർഷകർ കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. സംസ്ഥാനത്ത് ഉൽപാദനം വർധിച്ചതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കായയുടെ വൻതോതിലുള്ള വരവുമാണ് വിലയിടിവിനുള്ള പ്രധാനകാരണങ്ങൾ.
കർഷകർക്ക് കിട്ടുന്നത് തുച്ഛമായ വില
അഞ്ചു വർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിലും താഴെയാണ് നിലവിൽ കർഷകരിൽനിന്ന് വ്യാപാരികൾ നേന്ത്രക്കായ വാങ്ങുന്നത്. നിലവിലെ വിലയിൽ 23 രൂപ മുതൽ 30 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ, വഴിയോര കച്ചവടക്കാർ മൂന്ന് കിലോ നേന്ത്രപ്പഴം 100 രൂപക്ക് വരെ വിറ്റഴിക്കുന്നുണ്ട്. കർഷകർ നേരിട്ട് ചന്തയിൽ എത്തിച്ചാൽ ചില ദിവസങ്ങളിൽ രണ്ടോ മൂന്നോ രൂപ അധികം ലഭിക്കാമെങ്കിലും അയൽ സംസ്ഥാനങ്ങളിലെ ഉൽപന്നങ്ങൾ കാരണം ഉയർന്ന വിലക്ക് വാങ്ങാൻ വ്യാപാരികൾ തയാറാവുന്നില്ലെന്നാണ് കർഷകരുടെ പ്രധാന പരാതി.
കടക്കെണിയിൽ പാട്ടക്കൃഷിക്കാർ
അമിത രാസവള വില, കൂലി എന്നിവക്കൊപ്പം പ്രതികൂല കാലാവസ്ഥ, കാട്ടുപന്നി, ആന, മയിൽ, കുരങ്ങ് തുടങ്ങിയ വന്യജീവികളിൽ നിന്നുള്ള ഭീഷണി എന്നിവയെല്ലാം അതിജീവിച്ചാണ് കർഷകർ വിളവെടുപ്പിലേക്ക് എത്തിയത്. ഇത്രയധികം കഷ്ടപ്പെട്ട് കൃഷി ചെയ്തിട്ടും ഉൽപാദനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥ വന്നതോടെ കർഷകർ വൻസാമ്പത്തിക പ്രതിസന്ധിയിലാണ്.
ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരാണ് വിലയിടിവിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായത്. തെങ്ങ്, കമുക് എന്നിവയുടെ ഇടവിളയായി കൃഷി ചെയ്തവർക്ക് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുന്നത്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞതും ഉൽപ്പന്നം വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യവും കണക്കിലെടുത്ത് കൃഷിവകുപ്പ് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വിളവെടുപ്പ് തുടങ്ങിയ സമയത്ത് തന്നെ ഉൽപന്നത്തിന് മാന്യമായ വില കിട്ടാത്തതിനാൽ, നേന്ത്രവാഴ കർഷകർക്ക് നഷ്ടപരിഹാരം നൽകണം എന്ന ആവശ്യവും ശക്തമാണ്. മൂല്യവർധിത ഉൽപന്നങ്ങളായ ചിപ്സ്, ശർക്കരവരട്ടി എന്നിവക്ക് ഉയർന്ന വില നിലനിൽക്കുന്നത് മാത്രമാണ് നിലവിലെ ഏക ആശ്വാസം. വരുംനാളുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കൂടിയാൽ നിലവിലെ വില പോലും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

