അത്യുഷ്ണം; വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ
text_fieldsമുണ്ടൂർ ജനവാസ മേഖലയിൽ എത്തിയ വാനരൻ
മുണ്ടൂർ: വേനൽ ചൂടിന്റെ കാഠിന്യം മൂലം കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന വന്യമൃഗങ്ങളുടെ എണ്ണം കൂടി. കുരങ്ങ്, മയിൽ, പന്നി, കാട്ടുനായ്ക്കൾ, കുറുനരി എന്നിവയാണ് വനമേഖലയിൽ നിന്ന് നാട്ടിൻപുറങ്ങളിലെത്തുന്നത്. കുടിനീരും തീറ്റയും തേടി ഉൾക്കടിറങ്ങുന്ന വന്യ ജീവികൾ പലപ്പോഴും വിള നശിപ്പിച്ചും മറ്റും നാട്ടുകാർക്ക് കഷ്ടനഷ്ടങ്ങളും ഉണ്ടാക്കുന്നുണ്ട്.
കാട്ടുചോലകളും ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ എട്ട് മുതൽ 10 കിലോമീറ്റർ അകലെയുള്ള പാലക്കാട് -കോഴിക്കോട് ദേശീയപാതക്കരികെയുള്ള വീടുകളിലും ആരാധാനാലയങ്ങളിലും വരെ വന്യമൃഗങ്ങൾ വരുന്നുണ്ട്. മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ വനാതിർത്തി പ്രദേശങ്ങളിലാണ് പട്ടാപകൽ പോലും വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. വാനരന്മാർ തെങ്ങുകളിൽ കയറി ഫലങ്ങൾ പറിച്ചിടുന്നതും വീടുകളുടെ ടെറസുകളിൽ കയറി ഉണക്കാനിട്ടവ എടുത്ത് കൊണ്ട് പോവുന്നതും പതിവാണ്. വാഹനസഞ്ചാരമുള്ള സ്ഥലങ്ങളിൽ കാട്ടുപന്നികളെത്തി ഇരുചക്രവാഹനങ്ങൾക്ക് കുറുകെ ചാടുന്നതും വിനയായി.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ വനമേഖലയിൽ കുടിനീർ ഉറപ്പാക്കുന്നതിനും തീറ്റ ലഭ്യതക്കും പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. മാങ്ങ, ചക്കപോലുള്ള കായ്കനികളും കാർഷിക വിളകളും വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് ജനങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈയിടെ പട്ടാപ്പകൽ കാട്ടുനായ്ക്കൾ കൂട്ടത്തോടെ എത്തി നാല് ആടുകളെ ആക്രമിച്ചിരുന്നു. ഇവയിൽ രണ്ടെണ്ണം ചത്തു.
ഹിംസ്ര ജന്തുക്കൾ നാട്ടിലിറങ്ങി കോഴികളെയും വളർത്ത് മൃഗങ്ങളെയും പിടികൂടുന്നതും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

