വിദഗ്ധ സംഘം നെല്ലിയാമ്പതി ചുരം റോഡ് സന്ദർശിച്ചു
text_fieldsനെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ റോഡ് മണ്ണിടിഞ്ഞ സ്ഥലം കലക്ടറുടെ നിർദേശപ്രകാരം വിദഗ്ധസംഘം സന്ദർശിച്ചു. ബദൽ ഗതാഗത മാർഗവും എത്രകാലത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയും എന്നുള്ള കാര്യവും വിലയിരുത്താനാണ് ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം നെല്ലിയാമ്പതി സന്ദർശിച്ചത്.
പൊതുമരാമത്ത് അധികൃതരുമായും പഞ്ചായത്ത് പ്രസിഡന്റുമായും സംഘം ചർച്ച നടത്തി. ഗതാഗത പ്രശ്നത്തിന് ഉടൻ പരിഹാരം വേണമെന്ന് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് ആവശ്യപ്പെട്ടു. ഭാരവാഹനങ്ങൾക്കുള്ള നിരോധനം നെല്ലിയാമ്പതിയിലേക്കും അവിടെ നിന്നുള്ള എസ്റ്റേറ്റുകളിലെ ഉൽപന്നങ്ങൾ കൊണ്ടുപോകാനും തടസ്സമാകുന്നത് ചൂണ്ടിക്കാണിച്ചു. താൽക്കാലിക പരിഹാരമായി മണ്ണ് ഇടിഞ്ഞതിന് എതിർഭാഗത്തുള്ള തോട്ടത്തിലെ മണ്ണ് വെട്ടി മാറ്റി റോഡ് ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. മണ്ണ് സംരക്ഷണ വകുപ്പ്, ജിയോളജി വകുപ്പ് എന്നിവർ കൂടുതൽ മൺതിട്ട ഇടിച്ച് റോഡ് നവീകരിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലും അപകടം ക്ഷണിച്ചുവരുത്തുന്നതിനാലും അത് ശിപാർശ ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു. നിലവിലെ സ്ഥിതി അനുസരിച്ച് നിർമാണ പ്രവൃത്തികൾ ഒരു മാസം നീളുമെന്നാണ് പൊതുമരാമത്ത് അധികൃതർ അറിയിച്ചത്.
നെല്ലിയാമ്പതിയിലെ ഗതാഗത പ്രശ്നത്തിന്റെ രൂക്ഷത ശ്രദ്ധയിൽപ്പെടുത്തിയ വിദഗ്ധസംഘം 15 ദിവസത്തിനകം പണി പൂർത്തിയാക്കാൻ ശ്രമം നടത്താമെന്ന് പൊതുമരാമത്ത് അധികൃതർക്ക് വാഗ്ദാനം നൽകി.
പൊതുമരാമത്ത് അധികൃതരുടെ നടപടി പ്രായോഗികമല്ലെന്നാണ് നെല്ലിയാമ്പതി നിവാസികളുടെ അഭിപ്രായം. കോൺക്രീറ്റ് നടപടികൾ പൂർത്തിയായാലും കോൺക്രീറ്റ് ബലപ്പെടുന്നതിന് ഒരു മാസത്തോളം സമയം വേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കുന്നു. മഴക്കാലം അവസാനിക്കുന്നതിന് മുമ്പ് നിർമാണം ആരംഭിച്ചതാണ് നിലവിലെ ദുരവസ്ഥക്ക് കാരണമെന്ന് നെല്ലിയാമ്പതി യാത്രക്കാർ പരാതിപ്പെട്ടു. നിലവിൽ നെല്ലിയാമ്പതിയിൽ ചെറു വാഹനങ്ങൾ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് യാത്രക്കാരെ ഇറക്കി മറുഭാഗത്ത് പോയി യാത്രക്കാരെ കയറ്റിയാണ് പോകുന്നത്.
കഴിഞ്ഞദിവസം മുതൽ നെല്ലിയാമ്പതിയിലെ പൊതുജനങ്ങളുടെ ആവശ്യാർഥം കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചിരുന്നു. എന്നാൽ, പൊതുമരാമത്ത് അധികൃതർ ഇത് നിർത്തിവെക്കണമെന്നാണ് വിദഗ്ധ സമിതിയുടെ മുമ്പാകെ നിർദേശം വെച്ചത്. കെ.എസ്ആർ.ടി.സിയുടെ ചെറിയ വാഹനങ്ങൾ ഷട്ടിൽ സർവിസ് നടത്തണമെന്നാണ് പൊതുമരാമത്ത് നിർദേശിച്ചത്. പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ വിവരങ്ങൾ കലക്ടർക്ക് നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് സംഘം അറിയിച്ചു.
നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ്, സെക്രട്ടറി കിൻസ് ബോയ്, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സഹ നാഥൻ, പി.ഡബ്ല്യൂ.ഡി നിരത്ത് വിഭാഗം എ.ഇ. സുനിൽകുമാർ, ആലത്തൂർ സോയിൽ കൺസർവേഷൻ ഓഫിസർ പ്രിൻസ് ടി. കുര്യൻ, ഹസാർഡ് അനലിസ്റ്റ് ലേഖ ചാക്കോ, ജിയോളജിസ്റ്റ് എം.വി. വിനോദ്, വി.ജെ. രാഹുൽ, തദ്ദേശ സ്വയംഭരണ മാസ്റ്റർ പ്ലാൻ കോഓഡിനേറ്റർ ആഷ വി.കെ. മേനോൻ, ചിറ്റൂർ തഹസിൽദാർ എൻ. മുഹമ്മദ് റാഫി എന്നിവരടങ്ങിയ സംഘമാണ് മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

