ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ച സംഭവം; വിദഗ്ധ സമിതി തെളിവെടുത്തു
text_fieldsപാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സപ്പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വലതുകൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ വിദഗ്ധ സംഘം തെളിവെടുത്തു. വ്യാഴാഴ്ച ജില്ല മെഡിക്കൽ ഓഫിസറുടെ ഓഫിസിൽ എത്തിയാണ് കുട്ടിയുടെയും കുടുംബത്തിന്‍റെയും മൊഴിയെടുത്തത്.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ സർജറി വിഭാഗം വകുപ്പ് തലവൻ ഡോ. എ. നിസാറുദ്ദീൻ, കൊല്ലം ഗവ. മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് വിഭാഗം വകുപ്പ് തലവൻ ഡോ. മനോജ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. കെ. ശിവകുമാർ എന്നിവരടങ്ങിയ സമിതിയാണ് തെളിവെടുത്തത്.
വിനോദിനി, മാതാവ് പ്രസീദ എന്നിവരിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. കുടുംബം എഴുതി തയാറാക്കിയ പരാതിയും സമിതിക്ക് കൈമാറി. അന്വേഷണം സത്യസന്ധമായി നടക്കണമെന്നാണ് ആഗ്രഹമെന്നും മകൾക്ക് നീതി കിട്ടണമെന്നും പ്രസീദ കണ്ണീരോടെ പറഞ്ഞു.
കുറ്റാരോപിതർ സാമ്പത്തികശേഷിയുള്ളവരും ഉന്നത ബന്ധമുള്ളവരുമാണ്. നീതി കിട്ടുമോയെന്ന് അറിയില്ല. തങ്ങളെ സഹായിക്കാൻ ആരുമില്ല. ഡോക്ടർമാരുടെ അനാസ്ഥകൊണ്ടല്ല എന്ന് റിപ്പോർട്ട് നൽകുമോയെന്ന് പേടിയുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിനോദിനിയും മാതാവും പിതാവ് വിനോദുമാണ് തെളിവെടുപ്പിന് എത്തിയത്. ഉച്ചയോടെ തെളിവെടുപ്പ് പൂർത്തിയായി.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയാകാത്തത് വാർത്തയായതിനെ തുടർന്നാണ് വിദഗ്ധ സമിതി തെളിവെടുപ്പ് നടത്തിയത്. മുറിവ്, ചികിത്സാരീതി, നൽകിയ ചികിത്സ, പരിശോധന, തുടർപരിശോധന, മുന്നറിയിപ്പ്, വിദഗ്ധരുടെ നിർദേശം എന്നിവയാണ് അന്വേഷിക്കുന്നത്. സമിതി എത്രയും പെട്ടെന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ വീട്ടിൽ കളിക്കുന്നതിനിടെ വഴുതിവീണാണ് വിനോദിനിക്ക് കൈക്ക് മുറിവുപറ്റിയത്.
പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ച കുട്ടിയുടെ വലതുകൈയിലെ എല്ലൊടിഞ്ഞതിനെ തുടർന്ന് ചികിത്സിച്ച ഡോക്ടർമാർ ബാൻഡേജ് കെട്ടി തിരിച്ചയച്ചു. വേദന ശക്തമായി വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ കൈയിന്റെ സ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തി. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ കൈയിൽ പഴുപ്പ് ബാധിച്ചതായും രക്തയോട്ടം നിലച്ചതായും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു. സംഭവം വിവാദമായതിനെ തുടർന്ന് സർക്കാർ രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഇടപെടലിൽ കൈ മാറ്റിവെക്കാൻ ഏഴു ലക്ഷം രൂപ അനുവദിച്ചിരുന്നു. കൈ മാറ്റിവെക്കാൻ രണ്ടു ദിവസത്തിനകം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോകുമെന്ന് വിനോദ് അറിയിച്ചു. തുടർചികിത്സക്ക് സഹായം ലഭ്യമാക്കാൻ സർക്കാറും നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

