എക്സൈസ് സ്പെഷല്‍ ഡ്രൈവ്; 50 ദിവസത്തിനിടെ 334 കേസുകള്‍, 275 പേര് അറസ്റ്റില്‍
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് വകുപ്പ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 50 ദിവസത്തിനിടെ 334 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 275 പേര് അറസ്റ്റിലായി. നവംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെ നീണ്ടുനിന്ന പ്രത്യേക പരിശോധനകളില്‍ 258 അബ്കാരി കേസുകളും 76 മയക്കുമരുന്ന് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ 13,541 ലിറ്റര്‍ വാഷും 178.95 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. കൂടാതെ 1005.3 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 4202 ലിറ്റര്‍ കള്ളും കണ്ടെടുത്തു. മയക്കുമരുന്ന് വേട്ടയില്‍ 115 കിലോയിലധികം കഞ്ചാവും 4020 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
1.100 ഗ്രാം ഹാഷിഷ് ഓയിലും 12.240 ഗ്രാം മെത്താഫിറ്റമിനും, 10 ഗ്രാം നൈട്രോസെപാം ഗുളികകള്‍, 1000 ഗ്രാം ബ്യൂപ്രിനോര്ഫൈന് ഗുളികകള്‍, 1227 ഗ്രാം കഞ്ചാവ് മിഠായികള്‍ എന്നിവയും പിടിച്ചെടുത്തു. പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 1667 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 168 കിലോഗ്രാമിലധികം പുകയില ഉല്‍പ്പന്നങ്ങളും മൂന്ന് ഇ-സിഗരറ്റുകളും പിടിച്ചെടുക്കുകയും ചെയ്തു. 1740 കള്ള് ഷാപ്പുകള്‍, 1331 നിയമപ്രകാരം കള്ള് കടത്തുന്ന വാഹനങ്ങള്‍, 142 ബാറുകള്‍, 39 ബീവറേജസ് ഷോപ്പുകള്‍, നാല് ബിയര്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. അതില്‍ 368 കള്ള് സാമ്പിളുകളും 46 ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യസാമ്പിളുകളും രാസപരിശോധനക്കായി എറണാകുളം കെമിക്കല്‍ ലാബിലേക്ക് അയച്ചു.
സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പ്പന നടത്തിയ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. അഡീഷണല്‍ എക്സൈസ് കമീഷണറുടെ പ്രത്യേക നിർദേശപ്രകാരം ടര്‍ഫുകള്‍, ജിമ്മുകള്‍, സ്പാകള്‍, കൊറിയര്‍ സ്ഥാപനങ്ങള്‍, അന്തര്‍ സംസ്ഥാന ബസുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധനയാണ് നടന്നത്. ആര്.പി.എഫുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കിയിരുന്നു. വരും ദിവസങ്ങളിലും പൊലീസ്, തമിഴ്നാട് പൊലീസ്, ഫോറസ്റ്റ്, റവന്യൂ വിഭാഗങ്ങളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ തുടരുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. സതീഷ് അറിയിച്ചു. ചെക്ക് പോസ്റ്റുകളിലും ലേബര്‍ ക്യാമ്പുകളിലും ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന തുടരാനും തീരുമാനിച്ചതായി കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

