ഓണം സ്പെഷല്‍ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 170 അബ്കാരി കേസുകളും 70 മയക്കുമരുന്ന് കേസുകളും
text_fieldsപാലക്കാട്: വ്യാജമദ്യവും മയക്കുമരുന്നും പിടികൂടാന്‍ എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 170 അബ്കാരി കേസുകളും 70 മയക്കുമരുന്ന് കേസുകളും കണ്ടെത്തി. 203 പ്രതികളെ അറസ്റ്റ് ചെയ്തു. ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കല്‍, അനധികൃത മദ്യ വില്പന, വ്യാജവാറ്റ്, മയക്കമരുന്ന് കടത്ത് എന്നിവ തടയുന്നതിനായാണ് സെപ്റ്റംബര്‍ പത്തുവരെ എക്സൈസ് കമീഷണര്‍ സ്പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗസ്റ്റ് നാല് മുതലാണ് പ്രത്യേക പരിശോധന തുടങ്ങിയത്. അബ്കാരി കേസുകളിലായി 522.800 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശ മദ്യം, 81.8 ലിറ്റര്‍ ചാരായം, 7118 ലിറ്റര്‍ വാഷ്, 25.225 ലിറ്റര്‍ അന്യ സംസ്ഥാന വിദേശ മദ്യം, 10 ലിറ്റര്‍ കള്ള് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസുകളില്‍ 28.858 കിലോ ഗ്രാം കഞ്ചാവ്, 164 കഞ്ചാവ് ചെടികള്‍, 1183 ഗ്രാം ഹഷീഷ് ഓയില്‍, 424.725 ഗ്രാം മെത്താഫിറ്റമിന്‍, 11 നൈട്രോസെപാം ടാബ്ലെറ്റ് എന്നിവയും പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് 942 കേസുകള്‍ കണ്ടെത്തുകയും 103.622 കിലോഗ്രാം പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തു.
1275 കള്ള് ഷാപ്പുകള്‍ 101 ബാറുകള്‍ പരിശോധന നടത്തിയതില്‍ 285 കള്ള് സാമ്പിളുകളും 44 ഇന്ത്യന്‍ നിർമിത വിദേശ മദ്യ സാമ്പിളുകളും ശേഖരിച്ചു. സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് അതിര്‍ത്തികളിലുള്‍പ്പെടെ പരിശോധന ശക്തമാണെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. ചിറ്റൂര്‍ മേഖലയില്‍ പ്രത്യേകിച്ചും കള്ള് ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് പരിശോധനക്കായി പ്രത്യേക സ്ക്വാഡുകളും രൂപവത്കരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ജില്ലതല കണ്ട്രോള് റൂമിലും താലൂക്കുതല കണ്ട്രോള് റൂമിലും ഫോണ്‍ മുഖേന അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

