ഡോക്ടറും ജീവനക്കാരുമില്ല; പ്രവര്‍ത്തനം നിലച്ച് മൊബൈല്‍ വൈറ്ററിനറി സര്‍ജറി യൂനിറ്റ്
text_fieldsപാലക്കാട്: ആവശ്യക്കാരുടെ വീട്ടിലെത്തി മൃഗങ്ങള്‍ക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പാലക്കാട്ടെ മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങാനാകാതെ പ്രതിസന്ധിയില്‍. ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് വിളികളെത്തുന്നുണ്ടെങ്കിലും ഒരു ഡോക്ടറെ മാത്രമാണ് നിയമിക്കാനായത്. രണ്ട് ഡോക്ടറുണ്ടെങ്കിലേ സര്‍ജറി യൂനിറ്റിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകൂ. എ.ബി.സി കേന്ദ്രങ്ങളിലേത് പോലെ കരാര്‍ അടിസ്ഥാനത്തിലാണ് സര്‍ജറി യൂനിറ്റിലും ഡോക്ടര്‍മാരെ നിയമിക്കുന്നത്. ഇതാണ് ഡോക്ടര്‍മാരെ കിട്ടാത്തതിന് കാരണമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു.
മേയ് ആദ്യമാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഡോക്ടറും ഡ്രൈവറുമില്ലാത്തതിനാല്‍ മലമ്പുഴ മൃഗാശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മൊബൈല്‍ വെറ്ററിനറി യൂനിറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നിലവില്‍ കര്‍ഷകര്‍ മൃഗങ്ങളെയും കൊണ്ട് ആശുപത്രിയില്‍ നേരിട്ടത്തിയാണ് ചികിത്സ തേടുന്നത്. വിവിധ ബ്ലോക്കുകള്‍ക്ക് കീഴിലായി പട്ടാമ്പിയിലും അട്ടപ്പാടിയിലുമാണ് ജില്ലയില്‍ ആദ്യം യൂനിറ്റുകള്‍ തുടങ്ങിയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരം, മലമ്പുഴ, ചിറ്റൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളിലും തുടങ്ങി. മലമ്പുഴയിലെ ഡ്രൈവർ ജോലി നിര്ത്തിപോകുകയായിരുന്നു. പിന്നീട് ഡോക്ടറും സേവനം നിര്‍ത്തി.
ജില്ലകളിലെ മൃഗാശുപത്രികള്‍ വഴി രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ മൃഗങ്ങള്‍ക്കാണ് ശസ്ത്രക്രിയ നടത്താന്‍ സര്‍ജറി യൂനിറ്റെത്തുക. 24 മണിക്കൂറം സജീവമായി 1962 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്നവരുടെ വിവരങ്ങള്‍ കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് അധികൃതര്‍ ഈ വിവരം അതത് ജില്ലകളിലെ യൂനിറ്റിന് കൈമാറും. ശസ്ത്രക്രിയ നടത്താനാവശ്യമായ സംവിധാനങ്ങളും പ്രത്യേകം തയാറാക്കിയ വാഹനവും പരിശീലനം ലഭിച്ച രണ്ട് ഡോക്ടര്‍മാര്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ എന്നിവര്‍ യൂനിറ്റിലുണ്ടാകും. മൃഗങ്ങളെ പരിശോധിച്ച ശേഷം വലിയ ശസ്ത്രക്രിയ ആവശ്യമെങ്കില്‍ ഇതേ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് മൊബൈല്‍ വെറ്ററിനറി യൂനിറ്റിന്റെ പ്രവര്‍ത്തനം. ജില്ല മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് യൂനിറ്റ് പ്രവര്‍ത്തിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

