ഇടഞ്ഞ ആന ഭീതി പരത്തിയത് മൂന്ന് മണിക്കൂർ
text_fieldsതടുക്കശ്ശേരിയിൽ ഇടഞ്ഞ കൊല്ലങ്കോട് ഗോവിന്ദൻകുട്ടി എന്ന ആനയെ തളച്ചപ്പോൾ
കേരളശ്ശേരി: തടുക്കശ്ശേരി നാഗംകുളങ്ങര ഉത്സവത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞ് ജനവാസ മേഖലയിൽ വിരണ്ടോടിയത് മൂന്ന് മണിക്കൂർ നേരം നാടിനെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ 11 ഓടെ ഇടഞ്ഞ ആനയെ തളച്ചത് ഉച്ചക്ക് ഒരു മണിയോടെയാണ്. കുളിപ്പിക്കുന്നതിനിടെ വിരണ്ട ആന രണ്ടാം പാപ്പാനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വീട്ടുമുറ്റത്തും പറമ്പുകളിലും ഓടി. ഇതിനിടെ പ്ലാവും മാവും ഉൾപ്പെടെയുള്ള മരങ്ങൾ പിഴുതും ചില്ലകൾ ഒടിച്ചും വിളകൾ നശിപ്പിച്ചും പരിഭ്രാന്തി പരത്തി.
രണ്ട് വീടുകളുടെ ഗെയ്റ്റ് തകർത്തു. മൂന്ന് വീടുകളുടെ അകത്തേക്ക് കയറിയ ആനയുടെ മുന്നിൽ നിന്ന് വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വനപാലകരും എലിഫൻ്റ് സ്ക്വാഡും തളക്കാനുള്ള ശ്രമത്തിനിടെ, തടുക്കശ്ശേരി പഴയിടംപാടം ഉഷയുടെ വീടിനും ആന കേടുപാട് വരുത്തി. സാമൂഹിക വനവത്ക്കരണ വിഭാഗം ഡി.എഫ്.ഒ സുമു സ്കറിയ, റേഞ്ച് ഓഫിസർ വി. വിവേക്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.എസ്. ഭദ്രകുമാർ, കുന്നംകുളം സ്വദേശി സ്നേഹേഷിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ എലഫൻ്റ് സ്ക്വാഡ് എന്നിവർ ആനയെ തളക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോങ്ങാട് സി.ഐ.ബി. പ്രദീപ് കുമാറും സംഘവും കോങ്ങാട് നിലയത്തിലെ അഗ്നിരക്ഷസേനയും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

