ഇടക്കുർശ്ശി-ശിരുവാണി റോഡ്: നവീകരണം പാതിവഴിയിൽ
text_fieldsഇടക്കുർശ്ശി-ശിരുവാണി റോഡിന്റെ പ്രാരംഭ ഘട്ടത്തിൽ
നന്നാക്കിയ ഭാഗം
കല്ലടിക്കോട്: രണ്ട് പ്രളയങ്ങളിൽ പാടേ തകർന്ന ഇടക്കുർശ്ശി-ശിരുവാണി റോഡ് നവീകരണം ഇനിയും പൂർത്തിയായില്ല. ശിരുവാണി ഡാമിലേക്കും വിനോദസഞ്ചാര പാരിസ്ഥിതിക മേഖലയിലേക്കുമുള്ള ഏക റോഡിനാണ് ഈ ദുരവസ്ഥ. പ്രളയകാലാനന്തരം കരിമ്പ ഗ്രാമ പഞ്ചായത്തിലെ ഇടക്കുർശ്ശി മുതൽ ഇഞ്ചിക്കുന്ന് വരെയുള്ള റോഡ് 12 കിലോമീറ്റർ നീളം വരെ പുനരുദ്ധാരണ പ്രവൃത്തി നടത്തിയെങ്കിലും ബാക്കിയുള്ള എട്ട് കിലോമീറ്റർ റോഡ് പുനർനിർമാണവും നവീകരണവും ചുവപ്പ്നാടയിൽ കുരുങ്ങി കിടക്കുകയാണ്.
2019ലാണ് അന്തർസംസ്ഥാന സംയുക്ത ജല നിയന്ത്രണ സമിതി ശിരുവാണി പാതയുടെ നവീകരണത്തിന് അനുമതി നൽകിയത്. 4.96 കോടി രൂപയാണ് പാത നവീകരണത്തിനായി അനുവദിച്ചിരുന്നത്. തുടർന്ന് നവീകരണ പ്രവൃത്തി രണ്ടര വർഷം മുമ്പ് ആരംഭിച്ചിരുന്നു. ജലസേചന വകുപ്പിന്റെ ഓഫിസിലേക്കുള്ള എട്ട് കിലോമീറ്റർ റോഡിന്റെ പുനർനിർമാണത്തിന് ഒരു വർഷം മുമ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. വീണ്ടും എസ്റ്റിമേറ്റ് പുതുക്കി അയക്കാൻ ആവശ്യപ്പെട്ടതുപ്രകാരം ഹൈവേ ഗവേഷണ സ്ഥാപനത്തിലെ വിദഗ്ധർ സ്ഥലം സന്ദർശിച്ചു പഠനംനടത്തി.
പാടേ തകർന്ന എസ് വളവ് ഭാഗത്തെ റോഡ് പുനർനിർമിക്കുന്നതിനാണ് വിദഗ്ധർ സ്ഥലം പരിശോധിച്ചത്. പാത മുഴുവനും ഇടിഞ്ഞ് തകർന്ന ഭാഗത്ത് കല്ലും മണ്ണും നികത്തി താൽക്കാലിക പാത ഒരുക്കിയത് രണ്ട് വർഷം മുമ്പാണ്. മഴക്കാലത്തും വേനൽക്കാലത്തും ഒരു പോലെ സുരക്ഷിതമായ പാത ഒരുക്കാനായി എസ് വളവ് ഭാഗത്തെ പാതയുടെ നിർമാണത്തിനുള്ള ഡിസൈൻ ജലസേചന വകുപ്പിന്റെ ഡിസൈൻ വിങ്ങിന്റെ അംഗീകാരം ലഭിക്കുകയും റോഡ് നവീകരണത്തിന് തമിഴ്നാട് ഫണ്ട് അനുവദിക്കുകയും വേണം.
ഇത്തരം നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ റോഡ് നവീകരണം പൂർത്തിയാവൂ. നിലവിൽ ശിരുവാണി ടൂറിസം മേഖലയിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശന അനുമതിയില്ല. സാഹചര്യം അനുകൂലമായി അനുമതി നൽകിയാലും സുരക്ഷിത യാത്രക്ക് നല്ലൊരു റോഡ് പാതിവഴി വരെയാണുള്ളത്. ഡാമിന്റെ സംരക്ഷണവും പശ്ചാത്തല സംവിധാനങ്ങളുടെ പരിപാലനവും സംസ്ഥാന ജലസേചന വകുപ്പിന്റെ ചുമതലയാണ്. അറ്റകുറ്റപ്പണിക്കും പുനർനിർമാണത്തിനും തമിഴ്നാട് സർക്കാറാണ് പണം അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

