മലമല്‍കാവിൽ നിരോധനം മറികടന്ന് യന്ത്രമുരള്‍ച്ച
text_fieldsആനക്കര: മലമല്‍കാവിൽ നിരോധനം മറികടന്ന് ചെങ്കല്‍ ഖനനം നിര്‍ബാധം തുടരുന്നതിനിടെ ശബ്ദകോലാഹലങ്ങളില്‍ ദുരിതത്തിലായി വിദ്യാർഥികൾ. പരീക്ഷ കാലത്ത് വിദ്യാർഥികളെ ദുരിതത്തിലാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. പ്രതിഷേധക്കാരോടുള്ള വാശി തീര്‍ക്കാനെന്നോണം തിങ്കളാഴ്ചയും അഞ്ച് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് അനധികൃത ഖനനം. അതിനിടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാനസിക അസ്വാഭാവികത പ്രകടമാക്കുന്ന ഒരു കുട്ടിയെ രക്ഷിതാക്കള്‍ക്ക് മുറിയില്‍ പൂട്ടിയിടേണ്ടിവന്നതായും മറ്റുകുട്ടികള്‍ പൊടിപടലം മൂലം ശ്വാസകോശ അസുഖങ്ങള്‍ പ്രകടിപ്പിച്ചതായും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ആനക്കര പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലാണ് അനധികൃത ഖനനം.
വെള്ളിയാഴ്ച ഉച്ചക്ക് മുതല്‍ പട്ടാമ്പി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അതൊന്നും വകവെക്കാതെ അന്ന് രാത്രിയും ശനിയാഴ്ചയും ഞായറാഴ്ചയും പ്രവൃത്തി തുടര്‍ന്നു. തിങ്കളാഴ്ച വീണ്ടും പ്രദേശവാസികള്‍ കോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേറ്റ് അവധിയിലായിരുന്നു. തുടര്‍ന്ന് ബാലാവകാശ കമീഷനെയും ആര്.ഡി.ഒ, തഹസില്‍ദാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും സമീപിച്ചെങ്കിലും വിഷയത്തില്‍ ഇടപെടാതെ കൈമലര്‍ത്തി.
ആനക്കരയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായം തേടിയെങ്കിലും നീതിക്കായുള്ള ശ്രമത്തിന് നിസ്സഹകരണമായിരുന്നു ഫലം. വീടുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ല എന്ന സുപ്രീംകോടതി വിധിപോലും മുഖവിലക്കെടുക്കാന്‍ തയാറല്ലെന്നതാണ് വസ്തുത. അവസാനമായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

