‘ഇൻസുലിൻ’ ഹോമിയോ ഗുളികക്ക് എതിരെ നടപടി തേടി ഡ്രഗ്സ് കൺട്രോളർ ജനറൽ
text_fieldsപാലക്കാട്: ഗുളിക രൂപത്തിൽ ‘ഇൻസുലിൻ’ എന്നപേരിൽ ഇറക്കുന്ന ഹോമിയോപ്പതി മരുന്ന് തെറ്റിദ്ധാരണ പരത്തുന്നെന്നും 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് ലംഘിച്ചാണിതെന്നും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). ഇതുസംബന്ധിച്ച് പരാതിപ്പെട്ട പൊതുജനാരോഗ്യപ്രവർത്തകനായ ഡോ. കെ.വി. ബാബുവിനെ അറിയിച്ചതാണ് ഇക്കാര്യം. നടപടിക്കായി രാജസ്ഥാൻ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകിയതായും അറിയിച്ചു. എന്നാൽ, ഇതുവരെ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നും ചട്ടലംഘനം നടന്നില്ലെന്നുമാണ് രാജസ്ഥാൻ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് കൺട്രോളർ മറുപടി നൽകിയത്. ഇത് തൃപ്തികരമല്ലാത്തതിനാൽ വീണ്ടും നടപടിക്ക് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇൻസുലിൻ എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന മരുന്ന്, മോഡേൺ മെഡിസിനിൽ പ്രമേഹത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ‘ഇൻസുലിനാ’യി തെറ്റിദ്ധരിപ്പിക്കപ്പെടുമെന്നും അതിനാൽ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് പ്രകാരം നടപടി വേണമെന്നുമായിരുന്നു പരാതി. പരാതി അംഗീകരിച്ച് ഡ്രഗ്സ് കൺട്രോൾ ജനറലും ആയുഷ് മന്ത്രാലയവും രാജസ്ഥാൻ ഫുഡ് സേഫ്റ്റി ആൻഡ് ഗ്രഡ്സ് കൺട്രോളറോട് നടപടിക്ക് നിർദേശിക്കുകയായിരുന്നു. ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ടോ മരുന്ന് ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടോ പരാതി ലഭിച്ചില്ലെന്നും നിയമാനുസൃതമാണ് പ്രവർത്തനമെന്നുമായിരുന്നു മറുപടി. വീണ്ടും ഡ്രഗ്സ് കൺട്രോൾ ജനറൽ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഡോ. കെ.വി. ബാബുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

