ലഹരി മുക്ത വിദ്യാലയം: പാലക്കാട് ജില്ലയിൽ പരിശോധനയും നിരീക്ഷണവും തുടങ്ങി
text_fieldsനിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിസരത്തെ കടകളിൽ
എക്സൈസ് പരിശോധന നടത്തുന്നു
പാലക്കാട്: അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വിദ്യാലയങ്ങളുടെ പരിസരങ്ങളിലടക്കം നടക്കുന്ന ലഹരി പദാർഥങ്ങളുടെയും നിരോധിത പുകയില ഉൽപന്നങ്ങളുടെയും വിൽപന തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിസരത്തെ കടകളിലും പരിശോധനയും നിരീക്ഷണവും ആരംഭിച്ചു. എക്സൈസിന്റെ നേതൃത്വത്തിൽ മേയ് 15 മുതലാണ് പ്രത്യേക ക്യാമ്പയിൻ തുടങ്ങിയത്. വിദ്യാലയങ്ങളുടെ നൂറു മീറ്റർ പരിധിയിൽ പുകയില ഉൽപന്നങ്ങൾ വിൽപന നടത്താൻ നിയന്ത്രണമുണ്ടെങ്കിലും നിരോധിത ഉത്പന്നങ്ങളുടെ വരെ വിൽപന തകൃതിയായി പലയിടത്തും നടക്കുന്നതായി പരാതിയുണ്ട്.
സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തി നിരോധിത വസ്തുക്കൾ, ലഹരി പദാർഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തദ്ദേശ സ്വയം ഭരണവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതിന് പൊലീസ്, എക്സൈസ്, ആരോഗ്യവകുപ്പുകളുടെ സേവനം തേടാവുന്നതാണ്. ലഹരി സംഘങ്ങൾ നോട്ടമിട്ടരിക്കുന്ന പ്രശ്നബാധിത സ്കൂളുകൾ ജില്ലയിൽ 30 എണ്ണമാണുള്ളത്. ഇവിടങ്ങളിൽ അധ്യയനവർഷത്തിന് മുമ്പുതന്നെ ജാഗ്രത ശക്തമാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
സ്കൂൾ ചുറ്റളവിലെ ലഹരിക്കേസുകളുടെ എണ്ണം, കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെ വിലപിടിച്ച മാരക ലഹരി വസ്തുക്കളുടെ ഉപയോഗം, ലഹരി സംഘങ്ങളുമായി കുട്ടികളുടെ സമ്പർക്കം എന്നിവയാണ് മാനദണ്ഡമായി എടുത്തിട്ടുള്ളത്. കൂടാതെ ജില്ലയിൽ 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മേയ് 31ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

