പാലക്കാട് നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsപാലക്കാട്: വേനൽ കടുക്കുന്നതിനുമുമ്പുതന്നെ നഗരത്തിലെ മിക്ക വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ദിവസങ്ങളായി കുടിവെള്ളമില്ലാതെ നാട്ടുകാർ വലയുകയാണ്. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ പ്രവൃത്തികൾ നടക്കുന്നതിനാലാണിതെന്നായിരുന്നു ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. പുതുപ്പള്ളിതെരുവ്, പനങ്കാട് സ്ട്രീറ്റ്, വെണ്ണക്കര, അനുഗ്രകോളനി, നൂർഗാർഡൻ, ആര്യപറമ്പ്, കുറക്കപാറ, മാപ്പിളക്കാട്, മേട്ടുപാളയം ഡയറ തെരുവ് എന്നിവടങ്ങളിലും ഏതാനും മണിക്കൂർ മാത്രം വെള്ളം ലഭിക്കുന്നുണ്ടെങ്കിലും മതിയായ തോതിൽ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
സമീപത്തെ വീടുകളിലെ കിണർ വെള്ളത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. എന്നാൽ, നിലവിൽ വേനൽ കടുത്ത സാഹചര്യത്തിൽ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങിയാൽ ടാങ്കർ വെള്ളം മാത്രമാണ് ആശ്രയം. കഴിഞ്ഞവർഷം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളം എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. മലമ്പുഴയിൽനിന്നാണ് നഗരപ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തുന്നത്. ഡാമിൽ അവശ്യാനുസരണം വെള്ളം ഉണ്ടായിട്ടും വിതരണത്തിലെ താളപിഴ കാരണം നാട്ടുകാർക്ക് വെള്ളം കിട്ടുന്നില്ല.
കഴിഞ്ഞദിവസം നഗരത്തിലും പരിസര പ്രദേശങ്ങളിലും ചളി കലർന്ന വെള്ളം പൈപ്പിലൂടെ വന്നതായും നാട്ടുകാർ പറയുന്നു. ജലസേചന ഓഫിസിൽ മതിയായ ജിവനക്കാരില്ലെന്നും പരാതിയുണ്ട്. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.