അപകടക്കെണിയൊരുക്കി സ്ലാബില്ലാത്ത ഓടകൾ
text_fieldsവാഹനാപകടങ്ങൾ വർധിക്കുന്ന പയ്യല്ലൂർ പ്രധാന റോഡിലെ സ്ലാബില്ലാത്ത ഓട
കൊല്ലങ്കോട്: കാച്ചാംകുറിശ്ശി റോഡിലെ സ്ലാബില്ലാത്ത ഓട അപകടക്കെണിയാകുന്നു. ബസ് സർവിസുള്ള പ്രധാന റോഡരികിൽ പുല്ലുകയറികിടക്കുന്ന അഴുക്കുചാലിന് സ്ലാബുകൾ ഇല്ലാത്തതിനാൽ കാൽനട യാത്രക്കാരും ഇരുചക്ര വാഹനക്കാരും ഭീതിയിലാണ്.
രണ്ട് പതിറ്റാണ്ടിലേറെയായി തകർന്ന ഓടയിൽ ദിവസങ്ങൾക്കുമുമ്പ് പിക്അപ് വാൻ നിയന്ത്രണം വിട്ടിറങ്ങിയിരുന്നു. ഓടയുടെ തകർന്നഭാഗങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ ഇടണമെന്ന് പഞ്ചായത്തിനും ജലസേചന വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നാട്ടുകാർ വർഷങ്ങളായി പരാതി നൽകുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പരിസരവാസിയായ രാജേന്ദ്രൻ പറഞ്ഞു.
ഓടയിൽ സ്ലാബ് ആവശ്യമില്ലെന്ന വിചിത്രമറുപടിയാണ് പൊതുമരാമത്ത് വകുപ്പ് നെന്മാറ എ.ഇ ഓഫിസിൽനിന്ന് പരാതിക്കാരനായ രാജേന്ദ്രന് ലഭിച്ചത്. സ്ലാബ് സ്ഥാപിച്ചാൽ ഓടയിൽ മാലിന്യം നീക്കാൻ പ്രയാസമാകുമെന്ന മറുപടിയിൽ നാട്ടുകാർ പ്രകോപിതരാണ്.
ഓടയിൽ മലിനജലം, പ്ലാസ്റ്റിക് മാലിന്യം എന്നിവ കെട്ടിക്കിടക്കുന്നതിനാൽ പകർച്ചരോഗങ്ങൾക്കും കാരണമാകുന്നുണ്ട്. മലിന ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് ഓടയിൽ ബസ് അപകടത്തിൽപെട്ട് വിദ്യാർഥിനിയുടെ ജീവൻ നഷ്ടമായിരുന്നു. ഇരുചക്രവാഹന അപകടങ്ങൾ തുടർക്കഥയാകുന്ന പ്രദേശത്ത് ഓടകൾ ശുചീകരിച്ച് സ്ലാബുകൾ സ്ഥാപിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

