പറമ്പിക്കുളത്തേക്ക് വനപാത വീണ്ടും ഡി.പി.ആർ തയാറാക്കുന്നു
text_fieldsചെമ്മണാമ്പതി തേക്കടി വനപാതയിൽ ഡി.പി.ആർ തയാറാക്കുന്നതിന്റെ ഭാഗമായി വഴിവെട്ടുന്ന ആദിവാസികൾ
പറമ്പിക്കുളം: പറമ്പിക്കുളത്തേക്ക് വനപാത നിർമിക്കാൻ വീണ്ടും ഡി.പി.ആർ തയാറാക്കാനുള്ള നടപടികൾക്ക് തുടക്കമായി. കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് വനപാത നിർണയിക്കുന്ന നടപടികൾ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായിരുന്നു. തുടർനടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം മന്ത്രി കെ.എ. തുളസി അറിയിച്ചിരുന്നു. പഠനറിപ്പോർട്ട് തയാറാക്കാനുള്ള നടപടികളുടെ ഭാഗമായി വനപാതയിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആദിവാസികൾ വഴികൾ വെട്ടിത്തെളിക്കാൻ തുടങ്ങി. ചെമ്മണാമ്പതി മുതൽ മുടിവായ് വരെ 3.800 കിലോമീറ്റർ വനപാത വെട്ടി 69 വൃക്ഷങ്ങൾ വനം വകുപ്പ് മുറിച്ച് മാറ്റിയിരുന്നു.
മുതലമട പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ തേക്കടി മുതൽ മുടിവായ് വരെവനപാത വെട്ടിയ ശേഷം ഭൂമിയുടെ നിയന്ത്രണം വനം വകുപ്പ് തിരിച്ചേറ്റെടുത്തു. 2020 ഒക്ടോബർ രണ്ടിനാണ് ചെമ്മണാമ്പ തിയിൽ നിന്ന് പറമ്പിക്കുളം തേക്കടിയിലേക്ക് ആദിവാസികൾ വഴിവെട്ടൽ സമരം ആരംഭിച്ചത്. 700 കേസുകളാണ് ഈ കാലയളവിൽ ആദിവാസികൾക്കെതിരെ വനം വകുപ്പ് എടുത്തത്. തുടർന്നുള്ള സമരങ്ങളും ചർച്ചകളുടെയും ഭാഗമായി 600 മീറ്ററിലധികം റോഡ് കോൺക്രീറ്റ് ചെയ്തു.
ഇനിയുള്ള കാലമെങ്കിലും തടസ്സങ്ങൾ ഒന്നുമില്ലാതെ കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് യാത്ര ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പറമ്പിക്കുളം വാസികൾ. മുടിവായ്ക്ക് സമീപത്തെ പാറക്കെട്ടുകൾ മാറ്റാൻ നടപടി വേണമെന്ന് തേക്കടി ഊരുമൂപ്പൻ രാമൻകുട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

