ജില്ല ശാസ്ത്രോത്സവം; മണ്ണാർക്കാട് ഉപജില്ലയും ബി.എസ്.എസ് ഗുരുകുലം സ്കൂളും ചാമ്പ്യന്മാർ
text_fieldsപട്ടാമ്പി: ജില്ല ശാസ്ത്രോത്സവത്തിന് പട്ടാമ്പി ജി.എച്ച്.എസ്.എസിൽ തിരശ്ശീല വീണപ്പോൾ ഉപജില്ലകളിൽ മണ്ണാർക്കാടും സ്കൂളുകളിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലവും ഓവറോൾ ചാമ്പ്യന്മാർ. 1377 പോയന്റുമായാണ് മണ്ണാർക്കാട് ഉപജില്ല ഒന്നാമതായത്. ബി.എസ്.എസ് ഗുരുകുലം സ്കൂൾ 319 പേയന്റോടെയാണ് ഒന്നാം സ്ഥാനം നേടിയത്.
സാമൂഹികശാസ്ത്ര മേളയിലും സയൻസ് മേളയിലും മണ്ണാർക്കാട് ഉപജില്ലയാണ് ചാമ്പ്യന്മാർ. ഐ.ടി മേളയിൽ ഒറ്റപ്പാലം ഉപജില്ലയും ചാമ്പ്യന്മാരായി. ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ.ടി. റുഖിയ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എ. ഷാബിറ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ, കൗൺസിലർ സി. സംഗീത, ഷൊർണൂർ എ.ഇ.ഒ സുവർണകുമാരി, തൃത്താല എ.ഇ.ഒ കെ. പ്രസാദ്, കെ. അമീർ, ഇ.പി. റിയാസ്, ആസ്യ സലാം, പി.ടി. മൊയ്തീൻകുട്ടി, കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പാലക്കാട് ഡി.ഡി.ഇ ടി.എം. സലീന ബീവി സ്വാഗതവും പ്രോഗ്രാം കൺവീനർ പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ആദികേശിന്റെ എ.ഐ ടീച്ചർ ഒന്നാമത്
പട്ടാമ്പി: നിർമിതബുദ്ധി യുഗത്തിൽ എ.ഐ ടീച്ചറെ അവതരിപ്പിച്ച് പാലക്കാട് ചന്ദ്രനഗർ ഭാരത് മാതാ എച്ച്.എസ്.എസിലെ ആദികേശ് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്. ഹയർ സെക്കൻഡറി വിഭാഗം റോബോട്ടിക്സ് ഇനം മത്സരത്തിനായാണ് ആദികേശ് പട്ടാമ്പിയിലെത്തിയത്.
ശാസ്ത്രോത്സവത്തിൽ എച്ച്.എസ്.എസ് റോബോട്ടിക്സിൽ ഒന്നാംസ്ഥാനം നേടിയ എ.ഐ ടീച്ചറുമായി ചന്ദ്രനഗർ ഭാരത് മാത എച്ച്.എസ്.എസിലെ ആദികേശ്
മത്സരത്തിനെത്തിയ ആദികേശിന്റെ എ.ഐ ടീച്ചർ എ ഗ്രേഡോടെ ഒന്നാമതായി സംസ്ഥാനതലത്തിലേക്ക് അർഹതനേടി. ചെറുപ്പം മുതൽതന്നെ കമ്പ്യൂട്ടറിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആദികേശ് പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ഹൈസ്കൂൾ ക്ലാസ് മുതൽ മത്സരരംഗത്തുള്ള ആദികേശിന് റോബോട്ടിക്സ് ശാസ്ത്രജ്ഞനാവണമെന്നാണ് ആഗ്രഹം.
നെസ്റ്റെ പ്രോഗ്രാമിൽ ദക്ഷിണേന്ത്യ ലെവലിൽ ഒന്നാമനായിരുന്നു ആദികേശ്. പാലക്കാട് ബിസിനസുകാരനായ മധുസൂദനന്റെയും അധ്യാപികയായ രതിയുടെയും ഇളയമകനാണ്. മൂത്ത സഹോദരൻ ഋഷികേശും അധ്യാപകനാണ്.
ഉപ്പുമുതൽ ഊണ് വരെ വിളമ്പും ഈ റോബോട്ടിക് സപ്ലെയർ
പട്ടാമ്പി: ഹോട്ടലുകളിൽ ഉണ്ണാനെത്തുന്നവരെ ഊട്ടാനായി കാത്തുനിൽക്കുന്ന വെയ്റ്റർമാരെ കണ്ടനാൾമുതൽ ജയകൃഷ്ണന്റെ മനസ്സിൽ ഉദിച്ച ഒരാശയമായിരുന്നു റോബോട്ടിക് സപ്ലെയർ എന്നത്. ആ പരിശ്രമത്തിന്റെ ഭാഗമായി കണ്ടെത്തിയ റോബോട്ടിക് ഫുഡ് സപ്ലെയറെ കൊണ്ടാണ് വെള്ളിയാഴ്ച ശാസ്ത്രനഗരിയിൽ ജയകൃഷ്ണൻ എത്തിയത്.
നഗരിയിലെത്തിയ ജയകൃഷ്ണൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മടങ്ങുകയും ചെയ്തു. ഓൺ ദ സ്പോട്ട് നിർമാണമായതിനാൽ നന്നേ ബുദ്ധിമുട്ടിയാണ് മൂന്ന് മണിക്കൂർ കൊണ്ട് ജയകൃഷ്ണൻ റോബോട്ടിനെ നിർമിച്ചത്. ചെറുപ്പം മുതൽ സാങ്കേതിക മികവ് പുലർത്തുന്ന ജയകൃഷ്ണൻ സ്വന്തമായി ഡ്രോൺ നിർമിച്ചിട്ടുണ്ട്. കൊടുവായൂർ ജി.എച്ച്.എസ്.എസിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ജയകൃഷ്ണന് ഇന്റർനെറ്റാണ് തന്റെ നിർമാണത്തിന് പ്രധാന സഹായി.
ജില്ല ശാസ്ത്രോത്സവം എസ്.എസ് റോബോട്ടിക്സിൽ ഫുഡ് സെർവിങ് റോബോട്ടുമായി കൊടുവായൂർ ജി.എച്ച്.എസ്.എസിലെ ടി.എം. ജയകൃഷ്ണൻ
കൊടുവായൂരിലെ പരേതനായ മുരുകദാസിന്റെയും ഗീതയുടെയും ഏക മകനായ ജയകൃഷ്ണന്റെ എല്ലാ കാര്യങ്ങൾക്കും മുന്നേ പായുന്നത് അമ്മതന്നെയാണ്. കട്ട സപ്പോർട്ടുമായി അധ്യാപകരും കൂടെ നിൽക്കുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി യു.കെ ആസ്ഥാനമായ സൈബർ സ്ക്വയർ എന്ന സ്ഥാപനത്തിന്റെ സഹായങ്ങൾ ജയകൃഷ്ണന് ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

