സുരക്ഷയില്ലാതെ കെട്ടിടം പൊളിക്കുന്നു; ജില്ല ആശുപത്രിയിൽ രോഗികൾക്ക് ദുരിതം
text_fieldsജില്ല ആശുപത്രിയിൽ ലാബിനു സമീപത്തെ പൊളിച്ചുനീക്കുന്ന കെട്ടിടം
പാലക്കാട്: ജില്ല ആശുപത്രിയിലെ ശോച്യാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നത് വേണ്ടത്ര സുരക്ഷ മുൻകരുതൽ ഇല്ലാതെയെന്ന് ആരോപണം. ആശുപത്രിയിലെ ലാബിന് മുന്നിലെ കെട്ടിടമാണ് ആശുപത്രി വികസനത്തിന്റെ ഭാഗമായി പൊളിക്കുന്നത്. നിത്യവും നിരവധി രോഗികളെത്തുന്ന ഇവിടെ ഒരാഴ്ച മുമ്പാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. കെട്ടിടത്തിന് താഴെ ഗ്രീൻമാറ്റ് മാത്രമാണ് സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്.
കെട്ടിടത്തിന്റെ അത്രയും ഉയരത്തിൽ ഗ്രീൻമാറ്റ് സ്ഥാപിച്ചെങ്കിലേ പൊളിക്കുമ്പോഴുണ്ടാകുന്ന പൊടിശല്യം പ്രതിരോധിക്കാൻ സാധിക്കൂ. എന്നാൽ കരാറുകാർ ഇതൊന്നും സജ്ജീകരിച്ചിട്ടില്ല.
ലാബ് പരിശോധനകൾക്കായി ധാരാളം രോഗികൾ കാത്തുനിൽക്കുന്നതിന് സമീപത്താണ് കെട്ടിടം പൊളിക്കൽ നടക്കുന്നത്. ഇവിടെനിന്നുള്ള പൊടി രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് എച്ച്.എം.സി അംഗം സുന്ദരൻ കാക്കത്തറ പറഞ്ഞു. നേരത്തെ മാനസിക രോഗ ചികിത്സ, ലഹരിക്ക് അടിമകളായവർക്കുള്ള ചികിത്സ എന്നിവയാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. പഴയ കെട്ടിടം പൂർണായി പൊളിച്ചശേഷം പുതിയത് നിർമിക്കാനാണ് പദ്ധതി.
സ്ലാബ് മാറ്റി സ്ഥാപിച്ചു; ദുരിതത്തിന് അറുതി
പാലക്കാട്: ജില്ല വനിത-ശിശു ആശുപത്രിക്ക് മുന്നിലെ തകർന്ന സ്ലാബ് മാറ്റി സ്ഥാപിച്ചു. കഴിഞ്ഞദിവസമാണ് സ്ലാബ് മാറ്റിയത്. ആശുപത്രി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് വികസന സമിതി അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെയാണ് ആശുപത്രിയിലേക്കുള്ള രോഗികളുടെ സഞ്ചാരം.
മഴക്കാലമായതോടെ ദുരിതം ഇരട്ടിയായി. ജില്ല ആശുപത്രിയിൽ നിന്നും മോർച്ചറിയിൽ നിന്നുമുള്ള മലിനജലം പുറത്തേക്കൊഴുകി ഈ റോഡിലെ കുഴിയിലാണ് കെട്ടി നിന്നത്. മഴയത്ത് ചെളിക്കുളമായി വെള്ളം ആശുപത്രിയിലേക്ക് എത്തുന്ന സ്ഥിതിയായതോടെ പരാതി ഉയർന്നു. തുടർന്ന് സ്ലാബ് കുത്തി പൊളിക്കുകയായിരുന്നു. ഇതിനെതിരെ എച്ച്.എം.സി അംഗങ്ങൾ ഇവിടെ വാഴ വെച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് സ്ലാബ് മാറ്റി സ്ഥാപിച്ചത്.
ഡോക്ടർമാരെ നിയമിക്കണം
പാലക്കാട്: ജില്ല ആശുപത്രിയിൽ കാർഡിയോളജി അടക്കം പല രോഗങ്ങൾക്കും ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. തീരെ സാമ്പത്തികശേഷിയില്ലാത്ത രോഗികൾ മതിയായ ചികിത്സ ലഭിക്കാതെ വളെരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിൽ ഉടൻ ഡോക്ടർമാരെ നിയമിക്കമെന്ന് ജനതാദൾ എസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ. രമേഷ് കുമാർ അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

