ജില്ല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്; ദിശയും ലിയോ അക്കാദമിയും ജേതാക്കൾ
text_fieldsമുഹമ്മ മദർ തെരേസ ഗ്രൗണ്ടിൽ നടന്ന ജില്ല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കീരിടംനേടി ആലപ്പുഴ ലിയോ അത്ലറ്റിക്സ് അക്കാദമി
മുഹമ്മ: മദർ തെരേസ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ല അത്ലറ്റിക് അസോസിയേഷെൻറ 53ാമത് സീനിയർ ആൻഡ് ജൂനിയർ ചാമ്പ്യൻഷിപ് സീനിയർ വിഭാഗത്തിൽ 34 പോയന്റോടെ ആലപ്പുഴ ദിശ അക്കാദമിയും ജൂനിയർ വിഭാഗത്തിൽ 242 പോയന്റുമായി ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമിയും ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ വിഭാഗത്തിൽ 28 പോയന്റുമായി കെ.കെ.പി അത്ലറ്റിക്സ് അക്കാദമി രണ്ടാമതും 25 പോയന്റുമായി ലിയോ അക്കാദമി മൂന്നാമതും എത്തി.
ജൂനിയർ വിഭാഗത്തിൽ ദിശ അക്കാദമി 70 പോയന്റോടെ രണ്ടും കലവൂർ എൻ. ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമി 63 പോയന്റുമായി മൂന്നും സ്ഥാനം നേടി. നാൽപതോളം ടീമുകളിലായി 700ഓളം പ്രതിഭകൾ മീറ്റിൽ പങ്കെടുത്തു. അർജുന അവാർഡ് ജേതാവും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.ജെ. ജോസഫ് ട്രോഫികൾ സമ്മാനിച്ചു. ഒളിമ്പ്യൻ മനോജ് ലാൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ. പ്രദീപ്കുമാർ, ഫാ. ജോച്ചൻ കുറുപ്പശ്ശേരി, കെ. ഷാജഹാൻ, കെ.കെ. പ്രതാപൻ, ഡി. ഡിവൈൻ തുടങ്ങിയവർ സംസാരിച്ചു. കായികതാരങ്ങൾക്കുവേണ്ടി സൗത്ത് സോൺ നാഷനൽ മീറ്റിൽ പങ്കെടുക്കുന്ന നോഹ സെബി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

