തരൂരിലെ അക്ഷരപ്പുര ഡിജിറ്റലിലേക്ക്
text_fieldsഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി വരുന്ന തരൂർ കോമ്പുക്കുട്ടി മേനോൻ സ്മാരക ഗ്രന്ഥശാല
ആലത്തൂർ: 79ാം വാർഷികത്തിൽ എത്തിനിൽക്കുന്ന തരൂർ കോമ്പുക്കുട്ടി മേനോൻ സ്മാരക ഗ്രന്ഥാലയം ഇപ്പോൾ ഡിജിറ്റൽ ഗ്രന്ഥാലയമായി മാറാനുള്ള ഒരുക്കത്തിലാണ്. 1946 നവംബറിൽ ഓലപ്പുരയിൽ 100 പുസ്തകങ്ങളുമായി തുടക്കം കുറിച്ച പുസ്തക പുരയാണ് പടർന്ന് പന്തലിച്ച് നിൽക്കുന്ന ഇന്നത്തെ തരൂർ ഗ്രന്ഥശാല. തുടക്കത്തിലെ പുസ്തക പുര പിന്നീട് ഗ്രാമീണ വായനശാലയാക്കി മാറ്റി.
പിന്നീട് ജില്ലയിലെ എ പ്ലസ് ഗ്രന്ഥശാലയായി വളർന്ന് സപ്തതി പിന്നിട്ടപ്പോൾ വായനക്കാരുടെ ആഗ്രഹത്തിനൊത്ത് കാലത്തിനൊപ്പമുള്ള സഞ്ചാര പഥത്തിലേക്കുള്ള പ്രയാണത്തിലാണ് പുസ്തക പുര. ലോകമെമ്പാടുമുള്ള അക്ഷര സ്നേഹികളുടെ പുസ്തകാന്വേഷണത്തിന് നൊടിയിടയിൽ മറുപടി ലഭിക്കാനുതുകന്ന തരത്തിലേക്കാണ് ഗ്രന്ഥശാലയെ മാറ്റുന്നത്.
കഥ, കവിത, നോവൽ, ചെറുകഥ, ബാലസാഹിത്യം, നിരൂപണം, നാടകം, ചരിത്രം, റഫറൻസ് തുടങ്ങി വിഭാഗങ്ങളിലായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഉൾപ്പെടെ 25000ഓളം പുസ്തകങ്ങളും 11 ദിനപത്രങ്ങളും 25 വാരികകളും 25 മാസികകളും കൊണ്ട് സമ്പന്നമാണ് തരൂരിലെ അക്ഷരപ്പുര.
ബാലവേദി, യുവത, വനിത വേദി, ഗുരുസംഗമം, റഫറൻസ് കേന്ദ്രം, പി.എസ്.സി പഠന കേന്ദ്രം, ഇ-വിഞ്ജാനകേന്ദ്രം, അക്ഷയ കേന്ദ്രം, പോസ്റ്റ് ഓഫിസ്, കെ.പി. കേശവമേനോൻ പoന ഗവേഷണ കേന്ദ്രം എന്നിവക്കൊപ്പം തരൂരിലെ പോസ്റ്റ് ഓഫിസും ഗ്രന്ഥശാലയോടനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്.
കൂടാതെ കുളക്കാട് ഉപകേന്ദ്രവും ഗ്രന്ഥശാലക്കുണ്ട്. തുടർച്ചയായി മൂന്നുവർഷവും ജില്ലയിൽ എ പ്ലസ് നേടിയത് തരൂർ ഗ്രന്ഥശാലയാണ്. വായനശാലയുടെ പ്രസിഡൻറായിരുന്ന ടി കെ. രാമചന്ദ്രൻ മാസ്റ്ററുടെ സ്മരണക്കായി പുരസ്കാരവും, കാഷ് അവാർഡും നൽകിവരുന്നു.
സ്വാതന്ത്ര്യ സമര സേനാനിയായ കെ.പി. കേശവ മേനോന്റെ നാമഥേയത്തിലുള്ള പഠന ഗവേഷണ കേന്ദ്രത്തിലേക്ക് ആവശ്യമായ പുസ്തകങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും ഗ്രന്ഥശാല ലഭ്യമാക്കിയിട്ടുമുണ്ട്. ഗ്രന്ഥശാല സംഘത്തിന്റെ സോഫ്റ്റ് വെയറായ ‘കോ ഹ’ യുടെ സഹായത്തോടെയാണ് ഡിജിറ്റൽ ലൈബ്രറി സാക്ഷാത്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

