പിണക്കം മാറാതെ ധോണി; ധോണി വനം സെക്ഷൻ ക്യാമ്പിലേക്കും വെള്ളച്ചാട്ട പ്രദേശത്തേക്കും സന്ദർശകർക്ക് വിലക്ക്
text_fieldsകൂട്ടിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ധോണി
അകത്തേത്തറ: കാഴ്ചയിൽ കുറുമ്പനാണ് ധോണി (പി.ടി-7). പുതിയ വാസസ്ഥലം തീരെ പിടിച്ചിട്ടില്ല. കൂട്ടിനകത്ത് കാലുയർത്തിയും തുമ്പിക്കൈ പുറത്തിട്ടും കൊമ്പുപയോഗിച്ച് മരത്തടികൾ തട്ടിയിളക്കിയും പുറത്തുചാടാൻ പതിനെട്ടടവും പയറ്റുന്നുണ്ട്. കാട്ടിൽ സർവസ്വതന്ത്രനായി വിലസിയ ഒറ്റയാന് കൂടുജീവിതം തീർത്തും അരോചകം.
കുങ്കിയാനകൾക്ക് കൊടുക്കുന്ന പുല്ലാണ് ധോണിക്ക് ഭക്ഷണമായി നൽകുന്നത്. പുല്ല് തിന്നുണ്ടെങ്കിലും കൂട്ടിലടച്ചതിലുള്ള പിണക്കം ഒട്ടും മാറിയിട്ടില്ല. പിടിച്ചുകെട്ടിയ മനുഷ്യനോടുള്ള രോഷം കണ്ണുകളിലുണ്ട്. ആനയെ കൂട്ടിലടച്ച ധോണി വനം സെക്ഷൻ ക്യാമ്പിലേക്ക് ആരെയും കടത്തിവിടുന്നില്ല. ധോണി വെള്ളച്ചാട്ട പ്രദേശത്തേക്ക് സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി. ദിനേന ആനയുടെ ആരോഗ്യസ്ഥിതി മൃഗഡോക്ടർ പരിശോധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മെരുക്കാനുള്ള ചിട്ടകൾ തുടങ്ങും. ധോണിക്ക് ശിക്ഷണമുറകളും പുതുശീലങ്ങളും പഠിപ്പിക്കാൻ പുതുതായി നിയോഗിക്കുന്ന പാപ്പാനും സഹ പാപ്പാന്മാരും ഉൾപ്പെടെ അഞ്ച് പേരുണ്ടാവും.
കാട്ടുകൊമ്പനെ പിടികൂടുന്നതിൽ മുഖ്യപങ്ക് വഹിച്ച ദൗത്യസംഘത്തിന് ധോണി നിവാസികൾ ഊഷ്മള യാത്രയയപ്പ് നൽകി. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയക്കും എലിഫന്റ് സ്ക്വാഡ് അംഗങ്ങൾക്കും കുങ്കിയാനക്കുമാണ് യാത്രയയപ്പ് നൽകിയത്.