സിഗ്നൽ സംവിധാനമില്ലാതെ വലഞ്ഞ് പുതുപ്പള്ളിത്തെരുവ്
text_fieldsസിഗ്നൽ സംവിധാനമില്ലാത്ത പുതുപ്പള്ളിത്തെരുവ് ജങ്ഷൻ
പാലക്കാട്: നൂറണി-വെണ്ണക്കര റോഡിനെയും ഡി.പി.ഒ ജങ്ഷൻ-തിരുനെല്ലായി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കവലയായ പുതുപ്പള്ളിത്തെരുവിൽ സിഗ്നൽ സംവിധാനമില്ലാത്തത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു.
തിരക്കേറിയ ജങ്ഷനിൽ സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. നൂറണി ഭാഗത്തുനിന്നും വെണ്ണക്കര ഭാഗത്തേക്കുള്ള വാഹനങ്ങളും വെണ്ണക്കരയിൽനിന്നും നൂറണി കെ.എസ്.ആർ.ടി.സി ഭാഗത്തേക്കുള്ള വാഹനങ്ങളും ഒരേസമയം പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നത് അപകട സാധ്യതയുണ്ടാക്കുന്നു. ഇതിനുപുറമേ കെ.എസ്.ആർ.ടി.സി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ജങ്ഷനിൽനിന്നും നൂറണി റോഡിലേക്ക് അലക്ഷ്യമായി തിരിയുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. തിരക്കേറിയ ജങ്ഷനായിട്ട് പോലും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിനായി സീബ്രാലൈൻ പോലും ഇവിടെ വരച്ചിട്ടില്ല.
പാലക്കാടുനിന്നും വെണ്ണക്കര വഴി തിരുനെല്ലായി ഗ്രാമത്തിലേക്കുള്ള ബസ് സർവിസ് നടത്തുന്നതും പുതുപ്പള്ളിത്തെരുവ് ജങ്ഷൻ വഴിയാണ്. ആരാധനാലയങ്ങൾ, കല്യാണമണ്ഡപം, നിരവധി വ്യാപാരസ്ഥാപനങ്ങൾ എന്നിവയുള്ളതിനാൽ ജങ്ഷനിൽ എപ്പോഴും തിരക്കാണ്. ശാദിമഹൽ ഭാഗത്തുനിന്നും യാക്കര റെയിൽവേ ഗേറ്റ് ഭാഗത്ത് നിന്നും വെണ്ണക്കരയിലേക്ക് ഡി.പി.ഒ റോഡിലൂടെ വാഹനങ്ങൾ വരുന്നതും തൃശൂർ ദേശീയപാതയിൽനിന്നും വാഹനങ്ങൾ നഗരത്തിലേക്ക് എത്തുന്നതും വെണ്ണക്കര-പുതുപ്പള്ളിത്തെരുവ് ജങ്ഷനിലൂടെയാണ്. ആയതിനാൽ ജങ്ഷനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

