കഴിഞ്ഞ വർഷം നിരത്തിൽ പൊലിഞ്ഞത് 320 ജീവൻ
text_fieldsപാലക്കാട്: അശ്രദ്ധയും അമിത വേഗവും കാരണം ജില്ലയിൽ കഴിഞ്ഞ വർഷം നിരത്തിൽ പൊലിഞ്ഞത് 320 ജീവൻ. പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച 2022 നവംബർ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2284 അപകടങ്ങളിൽ 320 ആളുകൾ മരിക്കുകയും 2653 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021ൽ 1909 അപകടങ്ങളിൽ 278 ആളുകൾ മരിക്കുകയും 2149 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഏറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. ഹെൽമെറ്റ് ഇല്ലാത്ത യാത്ര, അമിതവേഗം, അശ്രദ്ധമായ വാഹന ഉപയോഗം, സിഗ്നൽ സംവിധാനങ്ങൾ പാലിക്കാത്തത് എന്നിവയാണ് അപകട കാരണം. ദേശീയപാതയിലെ അപകടങ്ങൾ പ്രധാനമായും ജങ്ഷനുകളിലാണ് നടന്നത്.
ലക്ഷ്യം കാണാതെ ലൈൻ ട്രാഫിക്
ദേശീയപാത അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ലൈൻ ട്രാഫിക് കർശനമാക്കാൻ തീരുമാനിച്ചെങ്കിലും അപകടത്തിന് കുറവില്ല. ജില്ലയിലെ പ്രധാന നിരത്തുകളിലൊന്നാണ് ദേശീയപാത 544ന്റെ ഭാഗമായ വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാത.
സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടങ്ങളിൽ ഒന്നായ വാളയാർ വഴി ദിവസേന ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. എന്നാൽ, ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയാണുള്ളത്. പാതയുടെ ഇടതുവശം ചേർന്ന് സഞ്ചരിക്കണമെന്ന നിയമം മിക്ക ചരക്കുവാഹനങ്ങളും പാലിക്കുന്നില്ല. വലതുവശം ചേർന്നാണ് മിക്ക ചരക്കുവാഹനങ്ങളും പോകുന്നത്.
പിറകിൽ വരുന്ന വാഹനങ്ങൾ ഇടതുവശം വഴി മറികടക്കുന്നത് അപകടതോത് വർധിപ്പിക്കുന്നു. ഭാരവാഹനങ്ങൾ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ മറ്റു വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നത് അപകട കാരണമാകുന്നതായി ദേശീയപാത കരാർ കമ്പനിയായ വാളയാർ-വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം അപകടത്തിനും കാരണം ലൈൻ ട്രാഫിക് ലംഘനമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
അപകടകേന്ദ്രമായി കാഴ്ചപറമ്പ്
ദേശീയപാത കാഴ്ചപറമ്പിൽ സിഗ്നൽ തെറ്റിച്ചുവന്ന ബൈക്കുയാത്രക്കാരനെ കാർ ഇടിച്ചു വീഴ്ത്തി. പുതുശ്ശേരി സ്വദേശി ബൈജുവിനാണ് (34) പരിക്കേറ്റത്. സർവിസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചക്കാണ് അപകടം. ഹെൽമെറ്റ് ധരിച്ചതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മുമ്പും സമാനമായ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. നിർത്തിയിട്ട സ്കൂട്ടറിൽ സിഗ്നൽ തെറ്റിച്ചുവന്ന സ്വകാര്യ ബസിടിച്ച് മാസങ്ങൾക്ക് മുമ്പ് യുവതി മരിച്ചിരുന്നു. സമാന രീതിയിൽ വോൾവോ ബസിടിച്ച് പിക്കപ്പ് വാൻ ഡ്രൈവറും മരിച്ചു. തുടർന്ന് ഇവിടെ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

