ഡാമുകളിൽ വെള്ളമെത്തി; കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം
text_fieldsപാലക്കാട്: ഡാമുകളിലെ വെള്ളം പുഴയിലേക്ക് ഒഴുക്കിയതോടെ ജലക്ഷാമത്തിന് താൽകാലിക പരിഹാരമായി. ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ഭാരതപ്പുഴ സ്രോതസ്സാക്കിയ ശുദ്ധജല പദ്ധതികൾക്കാവശ്യമായ വെള്ളം ഉറപ്പാക്കാൻ മലമ്പുഴ ഡാം പുഴയിലേക്കു തുറന്നത്. സെക്കൻഡിൽ 250 ഘനയടി തോതിലാണ് ഡാമിൽ നിന്നും ഇടതുകര കനാൽ വഴി പുഴയിലേക്ക് ജലം തുറന്നിട്ടുള്ളത്. ഈ വെള്ളം കൽപ്പാത്തി പുഴ വഴി ഭാരതപ്പുഴയിലെത്തും. അഞ്ചു ദിവസത്തേക്കാണ് ഡാം തുറന്നിട്ടുള്ളത്. ഡാമിൽ 11.71 ദശലക്ഷം ഘനമീറ്റർ ജലമാണ് ഉപയോഗിക്കാവുന്ന അവസ്ഥയിലുള്ളത്.
ഇതിൽ 7.8 ദശലക്ഷം ഘനമീറ്റർ ജലം മലമ്പുഴ ഡാം സ്രോതസ്സാക്കിയ ശുദ്ധജല പദ്ധതികൾക്കുള്ളതാണ്. ബാക്കി 3.9 ദശലക്ഷം ഘനമീറ്റർ ജലമാണ് ഭാരതപ്പുഴയിലേക്ക് തുറക്കുക. ഇതിനിടെ വേനൽമഴ ശക്തപ്പെട്ടാൽ സാഹചര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. ഇതോടൊപ്പം പറമ്പിക്കുളം-ആളിയാർ കാരാർപ്രകാരം തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്ന ജലവും ചിറ്റൂർ പുഴയിലേക്ക് തുറന്ന് വിടുന്നുണ്ട്. ചിറ്റൂർ പുഴയിലെ വെള്ളം ഞാവളംകടവ് വരെ എത്തിയിരുന്നു. ചിറ്റൂർ പുഴ പറളിയിൽവെച്ച് ഭാരതപ്പുഴയിൽ കൂടിചേർന്ന് ഒഴുകുന്നതിനാൽ ഭാരതപ്പുഴ സ്രോതസ്സാക്കിയ ഷൊർണൂർ-പട്ടാമ്പിവരെയുള്ള കൂടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചിറ്റൂർ പുഴയിലേക്ക് 102 ഘനയടി തോതിലാണ് വെള്ളം ഒഴുക്കുന്നത്.
കഴിഞ്ഞ ദിവസം ലഭിച്ച മഴയിൽ ഇത് 250 ഘനയടി വരെ ഉയർന്നതായി പറമ്പിക്കുളം ജലസേചന അധികൃതർ പറഞ്ഞു. ഇതിനുപുറമെ മംഗലംഡാമ്മും പുഴയിലേക്ക് വെള്ളം തുറന്ന് വിട്ടിരുന്നു. ഇതും ഭാരതപ്പുഴയിലേക്കാണ് വന്നുചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.